പുതിയ റേഷന്‍ കാര്‍ഡ് വരുമ്പോള്‍ 54 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപയ്ക്ക് അരി: ഉമ്മന്‍ചാണ്ടി

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് മാത്രം കാണിച്ചാല്‍ മതിയെന്ന നിര്‍ദേശം പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, മുന്‍ഗണനാ വിഭാഗക്കാര്‍ക്കു കുറച്ചുകൂടി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
അപേക്ഷ സമര്‍പ്പിച്ച ശേഷം ഫോട്ടോ എടുക്കാനും മറ്റും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നുവെന്നു പരാതിയുണ്ട്. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ റേഷന്‍ കാര്‍ഡ്. നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കു കാര്‍ഡ് എടുക്കുന്നതിന് അവസരം ഉണ്ടാകും. അതിനുള്ള ഫോമുകള്‍ ഫെബ്രുവരി ആദ്യം വിതരണം ചെയ്യും. ഒരു കുടുംബത്തില്‍ ഏറ്റവും മുതിര്‍ന്ന വനിതയ്ക്കു പ്രായാധിക്യം മൂലം ക്യാംപില്‍ പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അടുത്ത മുതിര്‍ന്ന വനിതയെ അയയ്ക്കാം.
ഏറ്റവും മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മതി. അത് അറ്റസ്റ്റ് ചെയ്യേണ്ട കാര്യവുമില്ല. കുടുംബത്തില്‍ അങ്ങനെ പ്രായപൂര്‍ത്തിയായ വനിത ഇല്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരിലും റേഷന്‍ കാര്‍ഡ് ലഭിക്കും. മുഴുവന്‍ കാര്‍ഡ് ഉടമകളുടെയും ഫോട്ടോ എടുക്കും വരെ ക്യാംപ് പ്രവര്‍ത്തിക്കും. ക്യാംപുകളില്‍ കൂടുതല്‍ ക്യാമറ യൂണിറ്റുകള്‍ ഏര്‍പ്പെടുത്തും. വെള്ളം വിതരണം ചെയ്യും. കാത്തിരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ സ്റ്റാഫിനെയും നിയോഗിക്കും. പരാതികള്‍ക്കു പരിഹാരം കാണും. മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തുന്ന വലിയ പരിപാടി ആയതിനാല്‍ എല്ലാവരും സഹകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹതയുള്ള എല്ലാവരും മുന്‍ഗണനാ പട്ടികയില്‍ വരണം. കാര്‍ഡ് പുതുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ആനുകൂല്യം ലഭിക്കാത്ത 54 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപയ്ക്ക് അരി ലഭിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























