മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ കേരള പോലീസിന് ഹൈ കോടതിയുടെ രൂക്ഷ വിമര്‍ശനം: ശ്രീറാമിനെതിരെയുള്ള തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുവരും എന്ന് കരുതിയോ, പ്രതി ശ്രീറാമിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള തെളിവുകള്‍ കണ്ടെത്തുന്നതില്‍ കൃത്യവിരോപം കാട്ടിയ കേരള പോലീസിന് ഹൈ കോടതിയുടെ രൂക്ഷ വിമര്‍ശനം. ശ്രീറാമിനെതിരെയുള്ള തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുവരും എന്ന് കരുതിയോ എന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അത് തടയാന്‍ പൊലീസ് എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും കോടതി ചോദിച്ചു.
ശ്രീറാമിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. അപകടശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. അപകടം നടന്ന ശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി തെളിവുകള്‍ ശേഖരിക്കാത്തതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.
തലസ്ഥാനനഗരിയില്‍ ഗവര്‍ണര്‍ അടക്കം വസിക്കുന്ന പ്രധാന മേഖലകളിലെ റോഡുകളില്‍ സി.സി.ടി.വി ഇല്ലെന്ന് പറയാന്‍ പൊലീസിന് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച ജാമ്യം അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ല എന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha

























