സിപിഎം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം. കേളപ്പന്‍ അന്തരിച്ചു

സി പി എം നേതാവും മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയും എഴുത്തുകാരനുമായ എം.കേളപ്പന്‍ (74 ) അന്തരിച്ചു. കോഴിക്കോട് വടകര സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒൻപത് മണിമുതല്‍ 12 മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാല് മണിക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
ദരിദ്ര കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 17 ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ആദ്യം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു . പിന്നീട് കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ച് വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. 1975 ലാണ് ജില്ലാകമ്മിറ്റി അംഗമായത്. 1991 മുതല്‍ 2001 വരെ 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായി.22 വര്‍ഷത്തോളം വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇദ്ദേഹം വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ പിന്നീട് സിനിമയായി മാറിയത് .അമൃത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























