പെങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്കായി സൈനികനായ വിഷ്ണു നാട്ടിലേയ്‌ക്കെത്തി; സന്തോഷം നിറഞ്ഞുകവിയേണ്ട വീട് ഇന്ന് മൺകൂമ്പാരത്തിനടിയിൽ:- ദുരന്തം കൊണ്ടുപോയ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ഒരാൾ മാത്രം

കവളപ്പാറയിൽ 50 അടി ഉയരത്തിൽ വീണ മണ്ണിനടിയിൽ നിശബ്ദമാക്കപ്പെട്ടത് നിരവധി മനുഷ്യ ജീവനുകളായിരുന്നു. ഒരുപാടുപേരുടെ പ്രതീക്ഷകളും, സ്വപ്നങ്ങളുമാണ് ആ മണ്ണിനടിയിലേയ്ക്ക് പുതഞ്ഞുപോയത്. ഇപ്പോഴും കവളപ്പാറ ഗ്രാമത്തിനു ചുറ്റും, ഉറ്റവരെത്തേടി നിരവധിപേർ നിൽക്കുന്നുണ്ട്. ഇതുപോലെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിലൊതുക്കിയായിരുന്നു പെങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്കായി, ബംഗാളിൽ സൈനികനായ വിഷ്ണു നാട്ടിലേയ്‌ക്കെത്തിയത് ഡിസംബറിലാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
പക്ഷേ, സന്തോഷം നിറഞ്ഞുകവിയേണ്ട വീട് ഇന്ന് മൺകൂമ്പാരത്തിനടിയിലെവിടെയോ ആണ്. അതിനോടൊപ്പം വിഷ്ണുവും, സഹോദരി ജിഷ്നയും, പിതാവ് വിജയനും, അമ്മ വിശ്വേശ്വരിയും പോയി. ഉരുൾപൊട്ടലിൽ മണ്ണിലാണ്ടുപോയ ഇവരിലാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ദുരന്തം കൊണ്ടുപോയ കുടുംബത്തിൽ അവശേഷിക്കുന്നത് വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു മാത്രമാണ്. അപകടസമയത്ത് ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല.
33 ആർമി കോറിൽ ബംഗാളിലെ സിലിഗുരിയിൽ ജോലിചെയ്യുന്ന വിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ രാത്രി ഭക്ഷണം കഴിക്കാൻ വീട്ടിൽപ്പോയ വിഷ്ണുവിനെ കൂട്ടുകാർ പിന്നീട് കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha

























