വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്നു പോയി, തിരികെ ക്യാംപിലെത്തിയത് ചേതനയറ്റ ശരീരം!

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു എന്ന 34-കാരന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചെറുവണ്ണൂരിലെ ക്യാംപിലേക്കു വന്നതാണ്. ക്യാപില്‍ വെറുതേ ഇരിയ്ക്കാന്‍ ആ യുവാവിനു കഴിഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനായി രാവിലെ തന്നെ ലിനു ക്യാംപില്‍ നിന്നു പോയി.
ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി 2 തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന തിരച്ചിലിനിറങ്ങിയത്. അപ്പോഴാണ് മൃതദേഹം ലഭിച്ചത്.
ചെറുവണ്ണൂരിലെ ദുരിതാശ്വാസ ക്യാംപിലുള്ള നാനൂറോളം പേരും നിശ്ശബ്ദരായി വിങ്ങിനില്‍ക്കുകയാണ്. മരണവിവരം ലിനുവിന്റെ അമ്മയെയും അച്ഛന്‍ സുബ്രഹ്മണ്യനെയും എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു ഒപ്പമുള്ളവര്‍. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാംപിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ക്യാംപിലെത്തിച്ചു.
ദുരിതാശ്വാസ ക്യാംപിലെ മരബെഞ്ചില്‍ വിറങ്ങലിച്ചുകിടക്കുന്ന ലിനുവിനെ നോക്കി അമ്മ ലത നെഞ്ചുപൊട്ടിക്കരഞ്ഞു. പിന്നെ ബോധമറ്റു വീണു. തൊട്ടടുത്ത് ചെറുവണ്ണൂര്‍ ഗവ.എച്ച്എസിലെ ക്യാംപിലും ലിനുവിന്റെ അയല്‍വാസികളില്‍ അനേകം പേരുണ്ട്. അതിനാല്‍ അവിടെയും പൊതുദര്‍ശനത്തിനു വച്ചു.
https://www.facebook.com/Malayalivartha

























