ഉദ്യോഗതട്ടിപ്പ് പ്രതികളെ രക്ഷിച്ചത് പി എസ് സി; പ്രതികൾ പരീക്ഷാഹാളിൽ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തൽ; അതീവ രഹസ്യമായി വിജിലൻസ് വിഭാഗം കൈമാറിയ വിവരങ്ങൾ ചെയർമാൻ പുറത്തുവിട്ടത് പ്രതികളെ സഹായിക്കാനാണെന്ന് സംശയം

പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ പി എസ് സി സഹായിച്ചു. പി എസ് സി വിജിലൻസാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയത്. വിജീലൻസ് രഹസ്യമായി ചെയർമാന് നൽകിയ വിവരം അദ്ദേഹം പത്ര സമ്മേളനം നടത്തിയ പറഞ്ഞതോടെ പ്രതികൾ ഒളിവിൽ പോയി. പ്രതികൾ പരീക്ഷാഹാളിൽ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. പരീക്ഷാ ജോലിക്ക് ഉണ്ടായിരുന്ന ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്നും പി എസ് സി വിജിലൻസ് ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാം ജലരേഖയായി.
പി എസ് സി പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. രാവും പകലും പഠിച്ച് കുട്ടികൾ പരീക്ഷയെഴുതുമ്പോൾ ചിലർ തട്ടിപ്പ് നടത്തി ജോലി നേടുന്നു. ഇവർ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുമാണ്. പി എസ് സി ചെയർമാൻ ഉൾപ്പെടെയുള്ളവർ സി പി എം നോമിനികളാണ്. അതീവ രഹസ്യമായി വിജിലൻസ് വിഭാഗം കൈമാറിയ വിവരങ്ങൾ ചെയർമാൻ പുറത്തുവിട്ടത് പ്രതികളെ സഹായിക്കാനാണെന്ന സംശയമാണ് ഉയർത്തുന്നത്.
ക്രമക്കേട് കണ്ടെത്തി 10 ദിവസം കഴിഞ്ഞിട്ടും പരീക്ഷാ തട്ടിപ്പിൽ ഒരു നടപടിയും സ്വീകരിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയാത്തതിന് പ്രധാനകാരണം രഹസ്യവിവരങ്ങൾ ചോർന്നതു കൊണ്ടാണെന്ന് മനസിലാക്കുന്നു. മുൻ എസ് എഫ് ഐ നേതാക്കൾക്ക് എസ് എം എസിലൂടെ വിവരങ്ങൾ കൈമാറിയത് ഒരു പോലീസുകാരനാണ്. എസ് എ പി ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഗോകുലാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. ഇയാൾ ഒളിവിലാണ്. ഇയാളുടെ സുഹ്യത്ത് സഫീറും ഒളിവിലാണ്. പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്താതിരുന്നാൽ കേസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പോലെയാകും. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണം. അറസ്റ്റ് നീണ്ടതോടെ തൊണ്ടി മുതലുകൾ നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പായി. എസ് എം എസ് അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ വെള്ളത്തിലിട്ടാൽ തെളിവുകൾ ഇല്ലാതാകും. പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടികൾ കണ്ടെത്താനായില്ല.
യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ പ്രതികൾ ചോർത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് ആരാണ് സഹായം നൽകിയതെന്ന് കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് 8 നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നിലവിൽ ലഭിച്ച തെളിവുകൾ അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഉന്നതതല ഗൂഢാലോചന വ്യക്തമാണ്. ഇപ്പോൾ കേസിൽ സി പി എമ്മുകൾ പിടിക്കപ്പെട്ടാൽ ഇതിനുമുമ്പ് നടന്ന ഉദ്യോഗ തട്ടിപ്പുകളും പുറത്തു വരുമോ എന്ന ഭയം പാർട്ടിക്കുണ്ട്. അതു കൊണ്ടു തന്നെയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി ചെയർമാൻ പത്രസമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha





















