മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും....

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് ശേഖരിക്കുന്നത്. ശ്രീറാം ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഡോ. അനീഷ് രാജിനെ അന്വേഷണസംഘം തലവന്‍ അസി. കമീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നേരത്തേ ചോദ്യംചെയ്തിരുന്നു.
ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍കൂടിയായ അനീഷ് രാജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. അതിനിടെ അപകടത്തില്‍പ്പെട്ട കാറിന്റെ ക്രാഷ് ഡേറ്റ റെക്കോഡ് ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ കമ്പനിയില്‍നിന്നുള്ള വിദഗ്ധര്‍ ഇന്നലെയും വാഹനം പരിശോധിച്ചു. അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. ആഗസ്റ്റ് രണ്ടിന് രാത്രി ഒന്നിനാണ് പബ്ലിക് ഓഫിസിന് സമീപം അപകടം നടന്നത്. അതിനുശേഷം ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്.
പ്രാഥമിക ചികിത്സകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്തത്. എന്നാല്‍, ശ്രീറാം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന്, അദ്ദേഹം അറസ്റ്റിലാവുകയും അവിടെത്തന്നെ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് നല്‍കിയ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരില്‍നിന്ന് വിവരം ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചികിത്സാ രേഖകളും പരിശോധിക്കും.
"
https://www.facebook.com/Malayalivartha

























