അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...

റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചതിന് തൊട്ടുപിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന പാമ്പുറം ബി.എസ് മന്ദിരത്തിൽ അജീഷ് (28) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പരവൂർ - പാരിപ്പള്ളി റോഡിലെ അമ്മാരത്ത് മുക്കിലായിരുന്നു സംഭവം.റോഡപകടത്തിൽ പരുക്കേറ്റയാളെ കൊണ്ടുപോകാനായി മറ്റൊരു ആംബുലൻസ് എത്തിയപ്പോൾ, സമീപത്തുണ്ടായിരുന്ന അജീഷ് ഓടിയെത്തി പരുക്കേറ്റയാളെ ആംബുലൻസിൽ കയറ്റാൻ സഹായിക്കുകയായിരുന്നു. എന്നാൽ ആംബുലൻസ് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ അജീഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സദാ സന്നദ്ധനായിരുന്ന ഒരു ചെറുപ്പക്കാരന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























