മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..

സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി നിയന്ത്രണത്തിലും കെ.എസ്.ഇ.ബി.യുടെ നടപടികളിലും രൂക്ഷവിമർശനവുമായി ചലച്ചിത്ര പ്രവർത്തകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ജനങ്ങളുടെ ദുരിതം പങ്കുവെച്ചുകൊണ്ട് താരം തന്റെ അമർഷവും പരിഹാസവും പരസ്യമാക്കിയത്. ഭരണാധികാരികൾക്ക് വീട്ടിൽ ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് സാധാരണക്കാരുടെ പ്രയാസങ്ങൾ അവർ അറിയുന്നില്ലെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു. ഇതിനൊപ്പം 'കേരളം ഇരുട്ടിൽ' എന്ന പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. മുൻപ് വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രോൾ വീഡിയോകളും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തു. പവർകട്ട് മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മമാരും കുട്ടികളും യുവാക്കളും പ്രതികരിക്കുന്ന വിവിധ റീൽസുകളും ഇതിനോടകം താരം തന്റെ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സെപ്റ്റംബർ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം വ്യാഴാഴ്ച മുതൽ കെ.എസ്.ഇ.ബി മുൻകൂട്ടി ജനങ്ങളെ അറിയിക്കുമെന്നും, പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























