നന്മയുടെ മാജിക് - ഇത് ദൈവത്തിന്റെ ഇടപെടൽ; കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട മുഴുവൻപേർക്കും വീടുവെക്കാൻ കാരാട് ടൗണിലെ തന്റെ കണ്ണായ സ്ഥലം വാഗ്‌ദാനം ചെയ്ത് അഹമ്മദ് ഇഖ്ബാൽ

രണ്ടാം പ്രളയകാവും കേരളത്തിന് സമ്മാനിച്ചത് നടുക്കം മാറാത്ത ദുരന്തങ്ങളാണ്. മരണം പെയ്തിറങ്ങിയ കവളപ്പാറയിലെ കണ്ണീർ ഇനിയും തോർന്നിട്ടില്ല. ഉറ്റവരെയോർത്ത് വിലപിക്കുന്നവർ നിരവധി. ഒരായുഷ്കാലത്തിന്റെ സ്വരുക്കൂട്ടൽ മണ്ണിലലിഞ്ഞു ചേർന്നതു കണ്ട് നെടുവീർപ്പിടുന്നവരും നിരവധി.
ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. അതോടൊപ്പം വീടുകള്‍ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകള്‍ സംഭവിച്ചവരുമുണ്ട്. കവളപ്പാറയിലെ വേദനിപ്പിക്കുന്ന ഈ കാഴ്ചകൾകാണുമ്പോൾ അഹമ്മദ് ഇഖ്ബാൽ എന്ന പ്രവാസിയുടെ മനുഷ്യത്വം മരവിച്ചിട്ടില്ല. ദുരിതം അനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായംചെയ്തേ പറ്റൂ എന്ന നിലപാടിലാണ് പ്രവാസി വ്യവസായി അരീക്കോട് കുനിയിൽ കാരങ്ങാടൻ അഹമ്മദ് ഇഖ്ബാൽ.
കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട മുഴുവൻപേർക്കും വീടുവെക്കാൻ കാരാട് ടൗണിലെ തന്റെ കണ്ണായ സ്ഥലം അഹമ്മദ് ഇഖ്ബാൽ വാഗ്‌ദാനംചെയ്തത്.
കവളപ്പാറയിൽ ഒരുപ്രദേശത്തെ മുഴുവൻ മരണം വിഴുങ്ങിയ വാർത്തകളും ദൃശ്യങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഖത്തറിൽ വ്യവസായിയായ അരീക്കോട് കുനിയിൽ അഹമ്മദ് ഇഖ്ബാൽ പറഞ്ഞു. വീടുകൾ പൂർണമായും തകർന്നവർക്ക് ഇനി വീടുവെക്കാൻ സുരക്ഷിതമായ സ്ഥലം കിട്ടലാണ് പ്രശ്നം. ഇതുമനസ്സിലാക്കിയാണ് സ്ഥലം നൽകാൻ നിശ്ചയിച്ചത്.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുതുകാട് തന്നെയാണ് ഇഖ്ബാൽ ഭൂമി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. ഭൂമി വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം ഇഖ്ബാലിനുവേണ്ടി സുഹൃത്ത് മുജീബ് റഹ്മാൻ അപ്പോൾതന്നെ കലക്ടർ ജാഫർ മലിക്കിന് കൈമാറി. കവളപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ചർച്ചിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു പരിപാടി.
ഖത്തറിലെ വ്യാപാര, വ്യവസായ ഗ്രൂപ്പ് ആയ ‘നെക്സസി’ന്റെ ചെയർമാൻ ആണ് അഹമ്മദ് ഇഖ്ബാൽ. നിലമ്പൂരിൽനിന്ന് 5 കിലോമീറ്റർ അകലെ വണ്ടൂർ കാരാട്ട് ആദ്യഘട്ടത്തിൽ ഒന്നര ഏക്കർ വിട്ടുനൽകും. കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ അതും പരിഗണിക്കും. സ്വദേശമായ കുനിയിൽ ഉൾപ്പെടുന്ന നിലമ്പൂർ മേഖലയിലുണ്ടായ ദുരന്തത്തിൽ നാടിനൊപ്പം നിൽക്കാനാണു ശ്രമിക്കുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു.
സർക്കാരുമായി ആലോചിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു. വീട് നഷ്ടമായവർക്ക് വെവ്വേറെ വീടുകളാണോ ഫ്ലാറ്റ് സമുച്ചയമാണോ വേണ്ടതെന്ന് തീരുമാനിക്കാൻ അവരുമായി ചർച്ച നടത്തും. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും പുറത്തുനിന്നുള്ള സഹായവാഗ്ദാനങ്ങളും പ്രയോജനപ്പെടുത്തി, മാതൃകാ താമസകേന്ദ്രം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
’ഇത് കരുണയുടെ മാജിക്കാണ്. ഹൃദയത്തിൽ കരുണയുള്ളവർക്കേ ഇങ്ങനെയൊക്കെ ചെയ്യാനാവൂ’ എന്നാണ് കാരാട് ടൗണിലെ വിശാലമായ വളപ്പിൽ നിൽക്കുമ്പോൾ മജീഷ്യൻ ഗോപിനാഥ് മുതുകാട് തന്റെ സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞത്.
അതേസമയം പുത്തുമല ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് 20 വീടുകൾ നിർമിച്ചു നൽകുമെന്ന് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡിഎം വിംസ് മെഡിക്കൽ കോളജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ദുരിതബാധിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും സുസജ്‌ജമായ മെഡിക്കൽ സംഘം എപ്പോഴും ഡിഎം വിംസിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആസ്‌റ്റർ ഹോംസിന്റെ നേതൃത്വത്തിലാകും 20 വീടുകളുടെ പണി പൂർത്തിയാക്കുക.
https://www.facebook.com/Malayalivartha





















