കായംകുളത്ത് ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ കൂടി പിടിയില്‍

കായംകുളത്ത് ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊന്ന കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ (25) കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കായംകുളം ചിറക്കടവത്തെ ഹൈവേപാലസ് ബാറിനു പുറത്ത് മദ്യപര്‍ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം ഉണ്ടായത്. സുഹൃത്തുക്കള്‍ക്ക് വിവാഹ സല്‍ക്കാരം ഒരുക്കാനാണ് ഷമീര്‍ ഖാന്‍ കായംകുളത്തെ ബാറിലെത്തിയത്. അവിടെയുണ്ടായിരുന്ന പ്രതികളുമായി തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പ്രതികള്‍ ബീയര്‍ കുപ്പികൊണ്ട് ഷമീര്‍ ഖാന്റെ തലയ്ക്ക് അടിച്ചു. നിലത്ത് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
ഒന്നാംപ്രതി ഷിയാസിനെയും കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും കിളിമാനൂരില്‍ വച്ച് ബുധനാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സേലം റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് നിന്ന് മറ്റ് പ്രതികള്‍ പിടിയിലായത്. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ (21) എന്നിവരെ ഒളിവില്‍ പോകാന്‍ സഹായിച്ച എരുവ പടിഞ്ഞാറ് തുരുത്തിയില്‍ ആഷിഖ് (24), കായംകുളം പുത്തന്‍പുര വടക്കേതില്‍ അജ്മല്‍ (23), പടനിലം നമ്ബലശ്ശേരി ഫഹദ് (19), ചിറക്കടവം ആന്റോ വില്ലയില്‍ റോബിന്‍ (23), ചേരാവള്ളി തുണ്ടില്‍ തെക്കതില്‍ ശരത് (19), കിളിമാനൂര്‍ മഠത്തില്‍ കുന്ന് ശ്രീഈശ്വരി ഭവനം സുഭാഷ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha






















