ഒന്നും ഏല്‍ക്കുന്നില്ലല്ലോ... ശബരിമലയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തള്ളി യതീഷ് ചന്ദ്രയ്ക്കു ക്ലീന്‍ ചിറ്റ്; യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്‍കിയ പരാതി തുലാസില്‍

കഴിഞ്ഞ ശബരിമല സീസണില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പമ്പയില്‍ വച്ച് എസ്.പി. യതീഷ് ചന്ദ്ര തടഞ്ഞ സംഭവം. ബിജെപിയും ഹൈന്ദവ സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ശബരിമലയിലെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ പമ്പയില്‍ വച്ച് തടഞ്ഞത് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തെ തടഞ്ഞത്. കേന്ദ്രമന്ത്രിയോട് തര്‍ക്കിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ വൈറലാകുകയും ചെയ്തു. ഇത് വലിയ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വലിയ പരാതിയാണ് ഉണ്ടായത്. ഇതിനെതിരെ നടന്ന ആഭ്യന്തര അന്വേഷണത്തില്‍ യതീഷ് ചന്ദ്രയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വന്നിട്ടുള്ളത്.
ശബരിമല ദര്‍ശനത്തിനെത്തിയ പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. യതീഷ് ചന്ദ്രയെ വെള്ളപൂശിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറി.
കഴിഞ്ഞ മണ്ഡലകാലത്ത് സംഘര്‍ഷാത്മക സാഹചര്യത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ പൊന്‍ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി. യതീഷ് ചന്ദ്ര തടഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. പാര്‍ലമെന്റില്‍ വരെയെത്തിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്.പി. മാന്യമായ ഭാഷയിലാണു മന്ത്രിയോടു സംസാരിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 'ദാറ്റ് ഈസ് ദ് പോയിന്റ്' എന്നു യതീഷ് ചന്ദ്ര പൊന്‍ രാധാകൃഷ്ണനോട് അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഇങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കേന്ദ്ര മന്ത്രിയോട് സംസാരിക്കാമോയെന്ന് പരക്കെ ചര്‍ച്ചയായി.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സംഘര്‍ഷഭരിത അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്. മന്ത്രി യാത്ര ചെയ്തിരുന്ന വാഹനം നിലയ്ക്കലില്‍ വച്ച് എസ്.പി.തന്നെയാണു കടത്തിവിട്ടത്. പക്ഷേ, പരിവാരങ്ങളെ കടത്തിവിട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തും എല്ലാ വാഹനങ്ങളും കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നു വ്യക്തമാക്കി ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവം വിവാദമായതോടെ മന്ത്രിയോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിനു പരാതി നല്‍കിയിരുന്നു. സംഭവം പൊന്‍ രാധാകൃഷ്ണന്‍തന്നെ അവകാശലംഘന പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ സംഭാഷണം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ജി. എം.ആര്‍. അജിത്കുമാറാണ് അന്വേഷണം നടത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തായത്.
യതീഷ് ചന്ദ്രയുടെ മറുപടി കേട്ടശേഷം അതുകൂടി ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതേസമയം തന്നെ തൃശൂര്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അനാദരവ് കാട്ടിയെന്ന മറ്റൊരു പരാതിയില്‍ എസ്.പി. യതീഷ് ചന്ദ്രക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. ഇതിനെതിരെയും ബിജെപി പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ യതീഷ് ചന്ദ്രയെ സ്ഥലം മാറ്റി എന്ന പ്രചാരണവുമുണ്ടായിരുന്നു.
അടുത്ത മണ്ഡലകാലം അടുത്ത വേളയിലാണ് പഴയ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതെന്നത് ഏറെ കൗതുകകരമാണ്. യുവതികളെ കയറ്റാനും ഇറക്കാനും പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്ന് സിപിഎമ്മും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞതോടെ ഇനി എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല. അതിനിടെയാണ് യതീഷ് ചന്ദ്രയുടെ ക്ലീന്‍ ചിറ്റ്.
https://www.facebook.com/Malayalivartha

























