പാലാരിവട്ടം പാലം അന്വേഷണവുമായി സഹകരിക്കുമെന്നും അറസ്റ്റില്‍ ഭയമില്ലെന്നും താന്‍ പ്രതിയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം യു.ഡി.എഫിന്റെ പഞ്ചവടിപ്പാലമായി മാറുമെന്ന ആശങ്കയിലാണ് നേതാക്കള്‍. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ ടി.ഒ സൂരജ് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീംകുഞ്ഞിന്റെ ഇടപെടലുകളെ കുറിച്ച് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തി. അതേസമയം അറസ്റ്റ് ഭയന്ന് ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും അറസ്റ്റില്‍ ഭയമില്ലെന്നും താന്‍ പ്രതിയാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ ടി.ഒ സൂരജ് ഉന്നയിച്ച ആക്ഷേപങ്ങള്‍ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയായിരുന്ന ഞാന്‍ സാങ്കേതിക വിദഗ്ധനല്ല, പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് സാങ്കേതിക വീഴ്ചയാണ്. സെക്രട്ടറിയേറ്റ് മാന്വല്‍ പരിശോധിക്കണം. മന്ത്രിയായിരുന്ന ഞാന്‍ അവസാനമാണ് ഫയല്‍ കണ്ടതെന്ന് അതില്‍ നിന്ന് വ്യക്തമാകുമെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. പാലം പണി ആരംഭിക്കുന്നതിന് മുമ്പ് കരാറുകാരന് എട്ടേകാല്‍ക്കോടി രൂപ പലിശ ഈടാക്കാതെ മുന്‍കൂറായി നല്‍കണമെന്ന് ഇബ്രാംകുഞ്ഞ് ആവശ്യപ്പെട്ടെന്നും താനാണ് പലിശ വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചതെന്നും കേസിലെ പ്രതിയായ ടി.ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷാ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞ് പരുങ്ങലിലായത്. കേസില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ടി.ഒ സൂരജിന്റെ മൊഴി എടുത്തതോടെ വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. രാഷ്ട്രീയനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അനുസരിച്ച് ഫയലില്‍ ഒപ്പിടുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ടി.ഒ സൂരജിന്റെ മൊഴി. ഇതോടെ കേസില്‍ ഓരോരുത്തരുടേയും പങ്ക് വ്യക്തമായി അറിയിക്കണമെന്ന് കോടതി വിജിലന്‍സിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. അതിനാല്‍ ഇനി മുന്‍ മന്ത്രിയായ വി.കെ ഇബ്രാഹീംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഒരുമാസം മുമ്പ് ഇബ്രാഹീംകുഞ്ഞിനെ വിജിലന്‍സ് വിളിച്ച് വരുത്തി മൊഴി എടുത്തിരുന്നു.
കേസില്‍ ആരാണ് ഉത്തരവാദിയെന്ന് ജസ്റ്റിസ് ഉബൈദ് വാദത്തിനിടെ ചോദിച്ചു, ആരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതാണ് വി.കെ ഇബ്രാഹീംകുഞ്ഞിന് തിരിച്ചടിയായിരിക്കുന്നത്. നിര്‍മാണ കമ്പനിക്ക് പലിശ രഹിതമായി എട്ടേകാല്‍ക്കോടി നല്‍കണമെന്ന വികെ ഇബ്രാഹീംകുഞ്ഞിന്റെ നിര്‍ദ്ദേശം തള്ളി ഏഴര ശതമാനം പലിശ വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് താനാണെന്നും അത് ഈടാക്കിയെന്നും ടി.ഒ സൂരജ് വിജിലന്‍സിനെയും ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ചട്ടുകം മാത്രമായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. മുസ്്‌ലിംലീഗുമായും വി.കെ ഇബ്രാഹീംകുഞ്ഞുമായും ഏറെ അടുപ്പമുണ്ടായിരുന്ന ടി.ഒ സൂരജിനെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാല, എറണാകുളം ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വി.കെ ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റ് എല്‍ഡിഎഫിന് നേട്ടമാകും. കോടതി പറയാതെ ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടെന്ന തന്ത്രപരമായ നിലപാടാണ് സര്‍ക്കാരും എല്‍.ഡി.എഫും സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha


























