കൂടത്തായി ജോളി അകത്തായതോടെ ടെലിവിഷൻ സീരിയലുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ക്യാമ്പയിൻ

കൂടത്തായി ജോളി അകത്തായതോടെ ടെലിവിഷൻ സീരിയലുകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ കാമ്പയിൻ. ജോളിയെ പോലുള്ളവരെ കൊലപാതങ്ങളിലേക്ക് നയിച്ചത് ടെലിവിഷൻ സീരിയലുകളാണെന്നാണ് പ്രചാരണം. നിങ്ങളുടെ വീട്ടിൽ സീരിയൽ കാണുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് പ്രചാരണം. സീരിയലുകളിൽ നടക്കുന്ന കൊള്ളയും കൊലയും കണ്ടാണ് സ്ത്രീകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നു. സീരിയലുകൾ ചർച്ച ചെയ്യുന്നത് കുടുംബത്തിനുള്ളിൽ നടക്കുന്ന കലഹങ്ങളും കൊലപാതകങ്ങളും മറ്റുമാണ്. വഴിവിട്ട ബന്ധങ്ങളും ചർച്ചചെയ്യും. സീരിയൽ മനോനില ഇല്ലാതാക്കുന്നതാണെന്ന് മനശാസ്ത്രജ്ഞർ പറയാറുണ്ട്. ജനങ്ങളെ കൈയിലെടുത്ത് റേറ്റിംഗ് വർധിപ്പിക്കുന്ന ചാനലുകളുടെ സ്ഥിരം രീതി തന്നെയാണ് സീരിയലുകളും പിന്തുടരുന്നത്.
സീരിയലിന്റെ പ്രേക്ഷകർ സ്ത്രീകളാണ്. അവരെ കൈയിലെടുക്കാനുള്ള നീക്കങ്ങളാണ് സീരിയലുകളുടെ നിർമ്മാതാക്കൾ നടത്തുന്നത്. അതിന് ആവശ്യമായ മസാലകൾ ഉൾപ്പെടുത്തും. എന്നാൽ സിനിമ അങ്ങനെയല്ല. അത് പ്രായഭേദമന്യേ ആളുകളെ ആകർഷിക്കുന്നതാണ്. സിനിമയുടെ പ്രേക്ഷകർ പൈങ്കിളികൾ മാത്രം സ്വീകരിക്കുന്നവരല്ല.
മുമ്പും സീരിയലുകൾ കുടുംബങ്ങളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പ്രമാദമായ പല കൊലപാതകങ്ങൾക്ക് പിന്നിലും സീരിയലുകളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. സംശയ രോഗം പോലുള്ളവ വ്യാപകമാക്കിയതും സീരിയലുകളാണ്. സീരിയൽ ഒരു ലഹരിയാണ്. കഥകളുടെ തുടർച്ച അറിയാതിരുന്നാൽ സീരിയൽ കാണുന്ന സ്ത്രീകൾ ആസ്വസ്ഥരാകും. ഒരു പ്രമുഖ ടെലിവിഷൻ ചാനൽ സീരിയൽ കാണാൻ വേണ്ടി ചാനലിന്റെ ആപ്പ് തന്നെ തയ്യാറാക്കിയിരുന്നു. ഇത് സ്ത്രീകളുടെ സീരിയൽ താല്പര്യം മുൻകുട്ടി മനസിലാക്കിയിട്ടായിരുന്നു . എവിടെയിരുന്നും സീരിയൽ കാണാം എന്നായിരുന്നു ചാനൽ ആപ്പിന്റെ പരസ്യ വാചകം.
കൂടത്തായി സംഭവവും വൈകാതെ സീരിയലാകും. ഇത്തരം സംഭവങ്ങളാണ് സാധാരണ സീരിയലുകളായി പരിണമിക്കാറുള്ളത്. മുമ്പു പൈങ്കിളി വാരികകളെയാണ് സീരിയൽ പ്രേക്ഷകർ ആശ്രയിച്ചിരുന്നത്. എന്നാൽ സീരിയലുകളുടെ ദൃശ്യ ഭംഗി മനസിലാക്കിയതോടെ പൈങ്കിളി വായനക്കാർ സീരിയലുകൾക്ക് പിന്നാലെ പോയി. ഇത് പൈങ്കിളി വാരികകളുടെ പ്രചാരം ഇടിച്ചു. പൈങ്കിളി വാരികകൾ പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ച് തുടങ്ങി. പൈങ്കിളി വാരികകൾ നടത്തിയിരുന്നവർ തന്നെ ചാനലുകൾ തുടങ്ങി.
സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചാനൽ വിരുദ്ധ ചർച്ചകൾക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. മനുഷ്യരെ വഴി തെറ്റിക്കുന്ന സീരിയലുകൾ നിരോധിക്കണമെന്നാണ് ആവശ്യം. എന്നാൽ അതൊന്നും പ്രയോഗികമല്ല. സീരിയൽ കാണാതിരുന്നാൽ മാനസികനില സുരക്ഷിതമാകും.
https://www.facebook.com/Malayalivartha


























