വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്

പരമശിവന്റെയും പാർവതിദേവിയുടെയും പ്രിയ പുത്രനായ ഗണപതിയുടെ അവതാരദിനമായി ഹിന്ദുക്കൾ ഭക്തിപൂർവ്വം ആഘോഷിക്കുന്ന മഹാ പുണ്യദിനമാണ് വിനായക ചതുർത്ഥി . ചില ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ഇന്നലെ ആഘോഷിച്ചു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇന്നാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ച തുർഥിയിലാണ് ഈ ഉത്സവം ആചരിക്കുന്നത്. വിഘ്നങ്ങളെ അകറ്റി ജ്ഞാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന വിഘ്നേശ്വരന്റെ ജന്മദിനമായതിനാൽ ഈ ദിവസത്തിന് അതീവ പ്രാധാന്യമർഹിക്കുന്നുണ്ട്.
അതേസമയം ഒരു ദിവസം പാർവതിദേവി കൈലാസത്തിൽ സ്നാനത്തിനൊരുങ്ങുകയായിരുന്നു. ആരും അകത്ത് കടക്കരുതെന്ന ആഗ്രഹത്തോടെ ദേവി തന്റെ ദേഹത്തിലെ മഞ്ഞളും ചന്ദനവും ചേർത്ത് ഒരു മനോഹര ബാലന്റെ രൂപം നിർമിച്ചു. അതിൽ ദേവി ജീവൻ പകർന്നു. ആ ബാലൻ പാർവതിയുടെ പുത്രനായി ജനിച്ചു. ദേവി ബാലനോട് പറഞ്ഞു: “ഞാൻ സ്നാനം കഴിഞ്ഞ് വരുന്നതുവരെ ആരെയും അകത്ത് പ്രവേശിപ്പിക്കരുത്.” അമ്മയുടെ കല്പനയെ ദൈവവചനമായി കരുതി ബാലൻ വാതിലിൽ കാത്തുനിൽക്കുകയായിരുന്നു.
അൽപസമയത്തിനുശേഷം മഹാദേവനായ ശിവൻ കൈലാസത്തിലേക്ക് മടങ്ങിയെത്തി. അകത്ത് കടക്കാൻ ശ്രമിച്ചപ്പോൾ ബാലൻ വഴിമുടക്കി. “അമ്മയുടെ അനുവാദമില്ലാതെ ആരും അകത്ത് കടക്കരുത്,” എന്ന് ബാലൻ ഉറച്ചു നിന്നു.
ശിവഗണങ്ങൾ ബാലനെ മാറ്റാനായി ശ്രമിച്ചെങ്കിലും അവൻ ആരെയും അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ശക്തനായ ബാലനെ തോൽപ്പിക്കാനായി കഴിയാതെ ശിവഗണങ്ങൾ ശിവനോട് വിവരമറിയിച്ചു. അവസാനം മഹാദേവൻ തന്നെ യുദ്ധത്തിന് ഇറങ്ങി. ദിവ്യായുധങ്ങളുടെ പ്രഹരങ്ങൾക്കിടയിലും ബാലൻ ധീരമായി പോരാടുകയായിരുന്നു. ഒടുവിൽ ശിവൻ തന്റെ ത്രിശൂലം പ്രയോഗിച്ച് ബാലന്റെ തല വെട്ടിമാറ്റി.
സ്നാനം കഴിഞ്ഞ് പുറത്തുവന്ന പാർവതി തന്റെ പുത്രൻ വീണുകിടക്കുന്നത് കണ്ടപ്പോൾ അതീവ ദുഃഖിതയായി. ദേവിയുടെ കോപം പ്രപഞ്ചത്തെയാകെ നടുക്കി. ദേവതകൾ എല്ലാവരും ശിവനെ അഭയം തേടി. പാർവതി പറഞ്ഞു: “എന്റെ പുത്രനെ ജീവനോടെ തിരികെ നൽകാതെ ഞാൻ ശാന്തയാകില്ല.”പ്രപഞ്ച സംരക്ഷണത്തിനായി ശിവൻ പുത്രനെ പുനർജീവിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ശിവൻ ഭൂതഗണങ്ങളോട് ഉത്തരദിക്കിലേക്ക് പോയി ആദ്യം കാണുന്ന ജീവിയുടെ തല കൊണ്ടുവരാനായി കല്പിച്ചു. അവർ ഒരു ആനക്കുട്ടിയെ കണ്ടു അതിന്റെ തല കൊണ്ടുവന്നു. ശിവൻ ആ തല ബാലന്റെ ശരീരത്തിൽ സ്ഥാപിച്ച് ദിവ്യശക്തിയാൽ ജീവൻ പകർന്നു നൽകി. ബാലൻ വീണ്ടും ജീവിച്ചു എഴുന്നേറ്റു. പാർവതി ആനന്ദഭരിതയായി പുത്രനെ ചേർത്ത് പിടിച്ചു.
ശിവൻ ബാലനെ അനുഗ്രഹിച്ച് ഇപ്രകാരം പ്രഖ്യാപിച്ചു: ഗണങ്ങളുടെ അധിപതിയായ നീ ഗണപതിയെന്നും വിനായകനെന്നും വിഘ്നേശ്വരനെന്നും അറിയപ്പെടും. ഏതു ശുഭകാര്യത്തിനുമുമ്പും ആദ്യം നിന്നെ ആരാധിക്കപ്പെടുന്നതാണ്. അങ്ങനെ ഗണപതി എല്ലാ ദേവതകളിലും പ്രഥമ പൂജ സ്വീകരിക്കുന്ന ദേവനായി മാറി.
ഒരു വിനായക ചതുർഥി ദിവസം ഗണപതി മൂഷികവാഹനത്തിൽ സഞ്ചരിക്കുമ്പോൾ മൂഷികം ഇടറി. ഗണപതി താഴെ വീണത് കണ്ട് ചന്ദ്രദേവൻ ചിരിച്ചു. ഗണപതി കോപിച്ച് ശപിച്ചു: “ഇന്നത്തെ ദിവസം നിന്നെ കാണുന്നവർ അപവാദം കേൾക്കും.” ചന്ദ്രൻ ക്ഷമ ചോദിച്ചതിനുശേഷം ഗണപതി ശാപം ശമിപ്പിച്ചു. അതുകൊണ്ടുതന്നെ വിനായക ചതുർഥി രാത്രിയിൽ ചന്ദ്രദർശനം ഒഴിവാക്കണമെന്ന വിശ്വാസം പ്രചാരത്തിലുണ്ട്.
വിനായക ചതുർഥി ആചാരങ്ങൾ
കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക ഭക്തിയോടെയാണ് ആചരിക്കുന്നത്. ഗണപതി ഹോമം, മോദകം, ഉണ്ട, അപ്പം തുടങ്ങിയ നൈവേദ്യങ്ങൾ. അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ, ആനയൂട്ടു, ഭജന, നാമജപം, അന്നദാനം
വിനായക ചതുർഥിയുടെ കഥകൾ നൽകുന്ന പ്രധാന സന്ദേശങ്ങളാണ് മാതാപിതാക്കളോടുള്ള ഭക്തി പരമപൂജ്യമാണ്. അഹങ്കാരം നാശത്തിലേക്ക് നയിക്കുന്നു. ജ്ഞാനവും വിവേകവും ശക്തിയെക്കാൾ ഉന്നതമാണ്. എല്ലാ ശുഭകാര്യങ്ങളും വിനായക സ്മരണയോടെ ആരംഭിക്കേണ്ടതാണ്. ഭക്തിയും വിനയവും ഉള്ളവരുടെ വിഘ്നങ്ങൾ ദൈവകൃപയാൽ നീങ്ങും.
വിഘ്നങ്ങളെ അകറ്റി ബുദ്ധിയും ജ്ഞാനവും ഐശ്വര്യവും സൗഭാഗ്യവും പ്രദാനം ചെയ്യുന്ന മഹാഗണപതിയുടെ ജന്മസ്മരണയാണ് വിനായക ചതുർഥി. പാർവതിയുടെ മാതൃസ്നേഹം, ശിവന്റെ അനുഗ്രഹം, ഗണപതിയുടെ ജ്ഞാനവും വിനയവും ഈ ഉത്സവത്തിന്റെ ഹൃദയമാണ്. അതുകൊണ്ടുതന്നെ ഭക്തർ ഓരോ ശുഭകാര്യത്തിനും മുമ്പ് പ്രാർത്ഥിക്കുന്നു: “ഓം ശ്രീ മഹാഗണപതയേ നമഃ.”
https://www.facebook.com/Malayalivartha



























