റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

ബ്രിട്ടനില്‍ സില്‍വര്‍സ്‌റ്റോണ്‍ മത്സരവേദിയില്‍ മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടന്‍ അജിത്കുമാറിന് മിനിയേച്ചര്‍ റേസിംഗ് കാര്‍ സമ്മാനമായി നല്‍കി നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്. സമ്മാനത്തിനൊപ്പം സ്വന്തം കൈപ്പടയില്‍ വിജയ് എഴുതിയ സന്ദേശവും ശ്രദ്ധേയമായി. 'പ്രിയപ്പെട്ട സഹോദരന്‍ അജിത്തിന് സ്‌നേഹത്തോടെ വിജയ്' എന്നാണ് സമ്മാനത്തില്‍ എഴുതിയിരുന്നത്. സമ്മാനം ഏറ്റുവാങ്ങിയ അജിത്ത് വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കൈകൊടുത്തു. പിന്നാലെ അജിത്ത് വിജയ്‌ക്കൊരു ഹെല്‍മെറ്റ് സമ്മാനമായി നല്‍കി.
റേസിന് മുന്‍പും ഇരുവരുടെയും സൗഹൃദനിമിഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സില്‍വര്‍സ്‌റ്റോണ്‍ മത്സരവേദിക്കരികിലായി വലിയ പുഞ്ചിരിയോടെ അജിത്തിനരികിലേക്ക് ഓടിയെത്തിയ വിജയ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ആശംസകളറിയിച്ചത്. ഇരുവരും സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാല്‍ക്കണിയിലിരുന്നാണ് വിജയ് റേസിംഗ് കണ്ടത്. നടി തൃഷ കൃഷ്ണയും ടിവികെ നേതാവ് ആദവ് അര്‍ജുനയും വിജയ്ക്കൊപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന റേസിംഗ് പോരാട്ടത്തിന്റെ ഫ്‌ലാഗ് ഒഫ് നിര്‍വഹിച്ചത് മുഖ്യമന്ത്രി വിജയ് ആയിരുന്നു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ അജിത്ത് നേരിട്ട് ഫോണില്‍ വിളിച്ച് വിജയ്‌യെ അഭിനന്ദിച്ചിരുന്നു. സിനിമയിലെ വമ്പന്മാരായ ഇരുവരുടെയും സൗഹൃദ സംഗമം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
രാഷ്ട്രീയത്തിനപ്പുറം തമിഴ്‌നാട്ടില്‍ കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച 'മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി' പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി സില്‍വര്‍സ്‌റ്റോണിലെ അത്യാധുനിത സുരക്ഷാ ക്രമീകരണങ്ങളും ട്രാക്ക് രൂപ കല്‍പ്പനയും കായിക ടൂറിസം സാദ്ധ്യതകളും വിജയ്‌യും കായിക മന്ത്രി ആദവ് അര്‍ജുനയും നേരിട്ട് വിലയിരുത്തും.
https://www.facebook.com/Malayalivartha



























