കണ്ണൂരില്‍ അലഞ്ഞുതിരിഞ്ഞ എഞ്ചിനീയറിംഗ് ബിരുദധാരി യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരേയും അമ്പരപ്പിക്കും
പതിനഞ്ച് വര്‍ഷം മുമ്പ് തമിഴ്നാട് പാളയംകോട്ടു നിന്നും കാണാതായ ഏഷ്യാറ്റിക് വേലായുധനെ (36) ഒന്നര പതിറ്റാണ്ടിന് ശേഷം കണ്ണൂരില്‍ കണ്ടെത്തി.
എന്‍ജിനിയറിംഗ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ വേലായുധന് ചേര്‍ന്നിരുന്നു. ഇക്കാലയളവില്‍ തമിഴിലെ യുവതാരം ശിവകാര്ത്തികേയന് ഇയാളുടെ സഹപാഠിയായിരുന്നുവത്രേ. എംബിഎക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
നാടുവിടാന്‍ തീരുമാനിച്ച വേലായുധന് കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നു. ഭിക്ഷാടനം നടത്തിയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷണം കഴിച്ചും അലഞ്ഞുതിരിഞ്ഞു നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചുറ്റിത്തിരിഞ്ഞു ജീവിച്ച ശേഷം കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിലെത്തിയത്.
കണ്ണൂര്‍ ടൗണ്‍ പോലീസ് നടപ്പാക്കുന്ന വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭക്ഷണപൊതി വിതരണകേന്ദ്രത്തില്‍ ദിവസവുമെത്തി ഭക്ഷണവുമായി പോകുന്ന വേലായുധനെ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍ ശ്രദ്ധിച്ചതോടെയാണ് കഥ മാറിയത്.
പതിവ് പോലെ ഭക്ഷണപൊതി എടുക്കാന്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചെന്ന വേലായുധനെ പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വര്‍ഷം മുമ്പ് നാടുവിട്ട കഥ പോലീസിനോട് പറഞ്ഞത്.
എന്‍ജിനിയറിംഗും എംബിഎ ബിരുദവും നേടിയതായി ഇയാള്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടു. ഇയാളെ 15 വര്‍ഷം മുമ്പ് കാണാതായതാണെന്ന് പോലീസ് അറിയിച്ചു.
ചെന്നൈ പോലീസ് വേലായുധന്റെ ബന്ധുക്കളെ വിവരമറിയിച്ചു. വ്യാഴാഴ്ചയോടെ ബന്ധുക്കള്‍ കണ്ണൂരിലെത്തും. ബന്ധുക്കള്‍ എത്തുന്നതുവരെ മേലേ ചൊവ്വയിലുള്ള പ്രത്യാശഭവനില്‍ വേലായുധനെ പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha