സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്കുന്ന മദ്യപാനികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊലച്ചതി, വില കുറഞ്ഞ ജവാന് അടക്കമുള്ള ബ്രാന്‍ഡുകള്‍ ബാറുകള്‍ക്കും മുന്തിയ ബ്രാന്‍ഡുകള്‍ ബിവറേജസിലും വില്‍ക്കുന്നു
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്കുന്ന മദ്യപാനികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊലച്ചതി. വില കുറഞ്ഞ ജവാന് അടക്കമുള്ള ബ്രാന്‍ഡുകള്‍ ബാറുകള്‍ക്കും മുന്തിയ ബ്രാന്‍ഡുകള്‍ ബിവറേജസിലും വില്‍ക്കുന്നു. ബാറുടമകളും മദ്യക്കമ്പനികളും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെ മറയാക്കിയാണ് ഈ ഇടപാട് നടത്തുന്നത്. ബാറുകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടനിലക്കാരുടെ കീശയും നിറയും. ചില ഉദ്യോഗസ്ഥരും ഭരണത്തില്‍ ഉന്നത സ്വാധീനമുള്ളവരും ചേര്‍ന്നാണ് ഈ തരികിട പരിപാടി പൊടിപൊടിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനികളാണ് ഇത്തരത്തില്‍ ബാറുകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്. വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെന്ന് പറഞ്ഞാണ് ബിവറേജസ് കോര്പ്പറേഷന് വഴി മദ്യം ബാറുടമകള്‍ക്ക് കൈമാറുന്നത്.
ബിവറേജസ് കോര്പ്പറേഷന് വാങ്ങുന്ന വില കുറഞ്ഞ മദ്യത്തിന്റെ 70 ശതമാനവും അവിടങ്ങളില്‍ തന്നെ വിറ്റഴിക്കണമെന്ന തീരുമാനം കാറ്റില്‍പ്പറത്തിയാണ് ബാര്‍ മുതലാളിമാരുടെ കീശ വീര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ വില്‍ക്കുന്ന വില കുറഞ്ഞ ബ്രാന്‍ഡുകള്‍ നാല് മാസം മുന്‍പാണ് വിപണയില്‍ എത്തിയത്. ബിവറേജസ് കോര്പ്പറേഷന് മദ്യം വില്‍ക്കുന്നത് നഷ്ടമാണെന്നാണ് മദ്യ കമ്പനികള്‍ പറയുന്നത്. അത് സത്യവുമാണ്. പക്ഷെ, നഷ്ടം സഹിച്ചും മദ്യം വില്‍ക്കുന്നതിന്റെ രഹസ്യം എന്താണെന്ന് അന്വേഷിക്കുമ്പോഴാണ് നഷ്ടം സൃഷ്ടിക്കുന്ന ലാഭം മനസ്സിലാകുന്നത്. ഒമ്പത് ലിറ്റര്‍ മദ്യമുള്ള ഒരു കെയ്സിന് 4300 രൂപയാണ് ബിവറേജസ് കോര്പ്പറേഷന് ബാറുകളില്‍ നിന്ന് ഇടാക്കുന്നത്. ലോക്കല്‍ മദ്യത്തിന്റെ വിലയാണിത്. പുതിയ ബ്രാന്‍ഡുകള്‍ക്ക് കെയ്സിനു 2880 രൂപയ്ക്കാണ് ഇപ്പോള്‍ നല്‍കുന്നത്. ലോക്കല്‍ മദ്യം പെഗ്ഗ് ഒന്നിന് 60 രൂപയ്ക്കാണ് ബാറുകള്‍ വില്‍ക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒരു കെയ്സിന് 4340 രൂപ ലാഭം ബാറുടമയ്ക്ക് കിട്ടിയിരുന്നു. വില കുറച്ചതോടെ ഒരു കെയ്സിലെ ലാഭം 5760 രൂപയായി.
ബോട്ട്ലിങ് ഉള്‍പ്പെടെ കെയ്സിന് 400 രൂപ ഉല്‍പാദനച്ചെലവുള്ള 'ലോക്കല്‍' മദ്യം 282 രൂപയ്ക്കാണു കമ്പനി 'നഷ്ടം സഹിച്ച്' ബിവറേജസിനു നല്‍കുന്നത്. കോര്പ്പറേഷന് ബാറുടമയില്‍ നിന്ന് കെയ്സിനു 2880 രൂപയാണ് ഈടാക്കുന്നത്. ബാറില്‍ പെഗ്ഗിനു വില 60 രൂപ. ഒരു കെയ്സിലെ 144 പെഗ്ഗില് നിന്നു ബാറുടമയുടെ വരുമാനം 8640 രൂപ. അതില്‍ നിന്നു കമ്പനിക്കു കോഴയായി പണം ലഭിക്കുന്നത്. ബിവറേജസ് കോര്പ്പറേഷന് ഒരു കെയ്സിന് 4300 രൂപ നല്‍കുന്നത് കൂടാതെ ആയിരം രൂപ കൂടി അധികമായി ബാറുടമകള്‍ നല്‍കും. അത് ബോട്ട്ലിങ് കമ്പനിയും ബാറുടമകളെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കും.
നാല് വര്‍ഷത്തിനിടെ മദ്യത്തിന് നികുതി ഇനത്തില്‍ ആറ് ശതമാനം വരെ വില കൂടിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ഗുണം കമ്പനികള്‍ക്ക് ലഭിക്കില്ല. ഇത്തരത്തിലുള്ള പുറം കച്ചവടത്തിലൂടെ ലാഭം കിട്ടുന്നതിനാല്‍ വില കൂട്ടാന്‍ കമ്പനികളും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഇത്തരം കച്ചവടത്തോട് യോജിക്കാത്ത കമ്പനികള്‍ സ്ഥലം കാലിയാക്കി. സര്‍ക്കാറിന്റെ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സില് വിലകുറഞ്ഞ മദ്യമായ ജവാന് ബ്രാന്‍ഡ് ഉണ്ടെങ്കിലും ഉല്‍പ്പാദനം വളരെ കുറവാണ്. അത് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയിരുന്നു. എന്നാല്‍ അത് പല രീതിയിലൂടെ ഓരോന്നായി തുറന്ന് കൊടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളാണ് പൂട്ടിയിരുന്നത്.
https://www.facebook.com/Malayalivartha