ഞാൻ പഠിപ്പിക്കുന്ന 13–ാമത്തെ സ്കൂളാണിത്; ഇതുവരെ ഒരു കുഞ്ഞുപോലും പരാതി പറഞ്ഞിട്ടില്ല: ഇനി ഒരു ജോലി എന്നതുപോലും താൻ സ്വപ്നം കാണുന്നില്ല- കരിങ്കുന്നം ഗവ. എല്‍പി സ്കൂളിലെ പിഞ്ചോമനകളുടെ അമ്മ ടീച്ചർ പറയുന്നു...

സ്കൂളിന്റെ പടിയിറങ്ങിയ അധ്യാപികയോട് തേങ്ങിക്കരഞ്ഞ് പോകല്ലേ ടീച്ചറേ... എന്ന് കരഞ്ഞുവിളിച്ച ഒരുകൂട്ടം വിദ്യാർത്ഥികളുടെ വാർത്ത ഏറെ സങ്കടത്തോടെയാണ് കേരളം കേട്ടത്. കരിങ്കുന്നം ഗവ. എല്‍പി സ്കൂളിലെ പിഞ്ചോമനകളുടെ അമ്മ ടീച്ചർ തന്നെയായിരുന്നു താല്‍ക്കാലിക അധ്യാപികയായിരുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആര്‍. അമൃത. പഠിപ്പിക്കുന്ന 13–ാമത്തെ സ്കൂളാണിത്. ഇതുവരെ ഒരു കുഞ്ഞുപോലും പരാതി പറഞ്ഞിട്ടില്ല. ഇനി ഒരു ജോലി എന്നതുപോലും താൻ സ്വപ്നം കാണുന്നില്ലെന്ന് അമൃത പറയുന്നു.
അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കിയതാണ് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയത്. തേങ്ങിക്കരഞ്ഞ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. കുട്ടികള്‍ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി എത്തുകയായിരുന്നു. അമൃത കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു വ്യാഴാഴ്ച പരാതി നല്‍കിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താല്‍ക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനിലയെയും പുറത്താക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് സ്കൂളില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിരുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് ഉത്തരവ് ഇറങ്ങിയതോടെ ഇനി മുതല്‍ ജോലിക്കു വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചു. ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു.ടീച്ചര്‍ പോകരുതെന്നു പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും കരഞ്ഞുകൊണ്ട് പിന്നാലെ ഓടി.
പ്രധാന ഗേറ്റ് വരെ ഓടിയെത്തിയ കുട്ടികള്‍ അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരിക്കല്‍ പോലും ടീച്ചര്‍ തല്ലിയിട്ടില്ലെന്ന് കണ്ണീരോടെ പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങള്‍ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തന്നെ ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.
https://www.facebook.com/Malayalivartha




















