എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ റാഗിംഗിനെ തുടര്‍ന്ന് പവര്‍ലിഫ്റ്റിംഗ് ദേശീയ ചാംപ്യനു ഗുരുതര പരുക്ക്

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്റെ തോളെല്ല് തകര്‍ന്നു. സീനിയര്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമടങ്ങുന്ന 12 അംഗ സംഘത്തിന്റെ മര്‍ദനത്തില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അനെക്‌സ് റോണ്‍ ഫിലിപ്പിനാണ് മര്‍ദനമേറ്റത്. വലതു കയ്യിന്റെ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനെക്‌സിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
റാഗിങ്ങിന്റെ ഭാഗമായാണ് തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് അനെക്‌സ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയില്‍ പറയുന്നു.ഒരു മാസം പരിശീലനം മുടങ്ങുന്നതു മൂലം ജനുവരിയില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അനെക്‌സ് പറഞ്ഞു.
ബുധനാഴ്ച രാത്രി 12-ന് കോളജ് ഗ്രൗണ്ടില്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലായിരുന്നു അനെക്‌സിനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. വിദ്യാര്‍ഥിയുടെ പരാതി പൊലീസിനു കൈമാറുമെന്നും അന്വേഷണത്തിനായി വകുപ്പു മേധാവികള്‍ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ.പി. അനില്‍കുമാര്‍ അറിയിച്ചു.
2017-ലും 2018-ലും ദേശീയ ചാംപ്യനായിരുന്നു അനെക്‌സ്. കഴിഞ്ഞ വര്‍ഷം ലോക സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.
https://www.facebook.com/Malayalivartha



























