വംശനാഷ ഭീഷണി നേരിടുന്ന ഇരുതലമൂരിയെ മാവേലിക്കരയില്‍ കണ്ടെത്തി

മാവേലിക്കര പൊന്നേഴ കൊല്ലന്റെ വടക്കതില്‍ ജംഗ്ഷനില്‍ നിന്ന് അഞ്ച് അടിയോളം നീളമുള്ള ഇരുതലമൂരി ഇനത്തില്‍പെട്ട ഒരു പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഒടിഞ്ഞു കിടക്കുന്ന വൈദ്യുതി തൂണിനടിയില്‍ ചുരുണ്ടിരിക്കുന്ന നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ചാക്കിലാക്കിയ ശേഷം കുറത്തികാട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് 11-ഓടെ പോലീസെത്തി പാമ്പിനെ ചാക്കിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുതല മൂരികളെ പിടിക്കുന്നതും സൂക്ഷിക്കുന്നതും വന്യജീവി നിയമത്തിലെ ഷെഡ്യൂള്‍ നാലില്‍ പെടുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ചുവന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് ഇരുതല മൂരികളെ കൂടുതലായി കാണുക. വിഷമില്ലാത്ത ഇവ കടിക്കാറുമില്ല. അക്കാരണം കൊണ്ടുതന്നെ ഇവയെ പിടികൂടാന്‍ വലിയ പ്രയാസവുമില്ല.
ഇരുതലമൂരിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണമെന്ന വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം പാമ്പിനെ വെട്ടിയാര്‍ താന്നിക്കുന്ന് പുഞ്ചയില്‍ വിട്ടു. ഇരുതലമൂരി എന്ന ഇനത്തിലെ പാമ്പുകള്‍ അന്ധവിശ്വാസത്തിന്റെ ഇരകളായി മാറിയതോടെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസികളുടെ ധനമോഹമാണ് ഇവയുടെ നാശത്തിന് വഴിവെച്ചത്.
വീടുകളില്‍ ഇവയെ സൂക്ഷിച്ചാല്‍ ഐശ്വര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ഇവയെ വാങ്ങുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഈ അന്ധവിശ്വാസത്തിന്റെ ഉറവിടം. ഇപ്പോള്‍ കേരളത്തിലും ഈ അന്ധവിശ്വാസം പിന്തുടരുന്നവരുണ്ട്.
https://www.facebook.com/Malayalivartha



























