മലയാലപ്പുഴയില്‍ ഭാര്യ വെട്ടേറ്റ നിലയിലും ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയിലും... ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

മലയാലപ്പുഴയില്‍ ഭാര്യ വെട്ടേറ്റ നിലയിലും ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയിലും കണ്ടെത്തി. കഴുത്തില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ ഭര്‍ത്താവിനെയും വീട്ടില്‍ കണ്ടെത്തി. മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂര്‍ ഹരി (55), ഭാര്യ ലളിത (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടാലി കൊണ്ടാണ് ലളിതയ്ക്ക് വെട്ടേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റും കാര്‍മ്മികനായിരുന്നു ഹരി. ലളിത മലയാലപ്പുഴ ഗ്രാമീണ്‍ ബാങ്കിലെ സ്വീപ്പറാണ്. ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. സംഭവ ദിവസം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഇവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് വെള്ളംകോരാന്‍ സമീപവാസികളെത്തിയപ്പോള്‍ തൊട്ടിയില്‍ കയര്‍ കണ്ടില്ല. ഏറെനേരം കഴിഞ്ഞിട്ടും വീടിന്റെ കതകും ജനലും തുറക്കാതെ വന്നപ്പോള്‍ ഇളയ മകന്‍ ഗിരീഷിനെ വിവരമറിയിച്ചു. കറുകച്ചാലിലെ ഭാരത് ഫിനാന്‍സിലെ ജീവനക്കാരനായ ഗിരീഷിന്റെ താമസം അവിടെയാണ്. ഗിരീഷ് മാതാപിതാക്കളുടെ ഫോണില്‍ പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
സംശയം തോന്നിയ അയല്‍ക്കാര്‍ ജനല്‍ തുറന്നു നോക്കിയപ്പോള്‍ സ്വീകരണ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന ഹരിയെ കണ്ടു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയാണ് വീട് തുറന്നത്. കിടപ്പുമുറിയിലായിരുന്നു ലതയുടെ മൃതദേഹം. സമീപം കോടാലിയും കിടപ്പുണ്ടായിരുന്നു. കിണറിന്റെ തൊട്ടിയിലെ കയറിലാണ് ഹരി തൂങ്ങിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തി. ലളിതയ്ക്ക് ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഹരി ഇതില്‍ ആരോപിക്കുന്നു. സംശയരോഗവും മദ്യപാനവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ മാനസിക ദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. പ്രവാസിയായിരുന്ന ഹരിശ്ചന്ദ്രന്‍ മൂന്നു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ലളിതയും ഹരിശ്ചന്ദ്രനും മാത്രമാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























