ഊറിച്ചിരിച്ച് സുകുമാരന്‍ നായര്‍... ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ചോദിച്ച് ബാലകൃഷ്ണ പിള്ള; സുകുമാരന്‍ നായരുമായുള്ള സിപിഎമ്മിന്റെ പിണക്കം മുതലെടുത്ത് അതുവഴി മകനെ മന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ബാലകൃഷ്ണപിള്ള; ഇടതുമുന്നണിയുടെ ഭാഗമായിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് പരാതി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കഴിഞ്ഞ ദിവസം എന്‍എസ്എസിന്റെ മറ്റൊരു നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സമദൂരം ഉപേക്ഷിച്ച സുകുമാരന്‍ നായരെ പരോക്ഷമായി വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. എന്‍ എസ് എസിന് രാഷ്ട്രീയമില്ല. സമദൂരമാണ് എന്‍എസ്എസ് നിലപാട്. മന്നത്ത് ആചാര്യന്‍ പോലും എന്‍എസ്എസിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടില്ലെന്നും ബാലകൃഷ്ണപിള്ള ഓര്‍മ്മിപ്പിച്ചു. ശരിദൂരമെന്നത് എന്‍ എസ് എസിന്റെ സംഘടനാപരമായ തീരുമാനമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റായ താന്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. സമുദായവും ജാതിയും തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത നിലയിലേക്ക് കേരളം മാറിയെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെ സുകുമാരന്‍ നായരെ എന്തിന് വിമര്‍ശിച്ചു എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ്.
സുകുമാരന്‍ നായരും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ, തന്ത്രപൂര്‍വം മന്ത്രിസ്ഥാനം നേടിയെടുക്കാനാണ് ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി) നീക്കം നടത്തുന്നത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടി സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.
ഈയാവശ്യമുന്നയിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതൃത്വം മറ്റന്നാള്‍ മുഖ്യമന്ത്രിയെ കാണുമെന്നാണു സൂചന. ഇടതുമുന്നണിയുടെ ഭാഗമായിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണു പാര്‍ട്ടി നിലപാട്. എം.എല്‍.എമാരുള്ള ഘടകകക്ഷികള്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. നിയമപ്രകാരം മന്ത്രിസഭയില്‍ 21 അംഗങ്ങളാകാം.
നിലവില്‍ 20 മന്ത്രിമാരാണുള്ളത്. ശേഷിക്കുന്ന ഒഴിവില്‍ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടും. ഇതിനായി മുന്‍ എം.എല്‍.എ: എം.പി. മാണിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. മറ്റന്നാളോ ചൊവ്വാഴ്ചയോ മുഖ്യമന്ത്രിയെക്കണ്ട്, പാര്‍ട്ടിക്ക് അര്‍ഹമായ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും ആവശ്യപ്പെടും.
മുന്നണിയില്‍ വിലപേശല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണു കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കെതിരേ ആഞ്ഞടിച്ചതെന്നാണു വിലയിരുത്തല്‍. സര്‍ക്കാരിനെതിരേ മുമ്പ് ഇതിലും രൂക്ഷമായ വിമര്‍ശനം സുകുമാരന്‍ നായര്‍ ഉന്നയിച്ചപ്പോഴും പിള്ള പ്രതികരിച്ചിരുന്നില്ല. എന്‍.എസ്.എസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും പിള്ളയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലുണ്ടായിരുന്നു.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയാണ് അദ്ദേഹം. അതേസമയം, കേരളാ കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയുടെ ഭാഗമല്ലാത്തപ്പോഴും കാബിനറ്റ് റാങ്കോടെ ബാലകൃഷ്ണപിള്ളയ്ക്കു മുന്നാക്കസമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനമെന്ന ആവശ്യം എത്രമാത്രം പരിഗണിക്കപ്പെടുമെന്നതു കണ്ടറിയണം.
ബാലകൃഷ്ണ പിള്ളയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ അഭിപ്രായം പറഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അത് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ഇപ്പോഴേ വിലപേശാനാണ് പിള്ളയുടെ തീരുമാനം. അതേസമയം സുകുമാരന്‍ നായരെ പിണക്കിയതിനാല്‍ പിള്ളയെയെങ്കിലും ഒപ്പം നിര്‍ത്തണമെന്ന് തന്നെയാണ് പല സിപിഎം നേതാക്കളുടേയും അഭിപ്രായം. എന്തായാലും മുഖ്യമന്ത്രിയുടെ തീരുമാനം അന്തിമമാകും.
https://www.facebook.com/Malayalivartha



























