കണ്ണീര് ദൈവം കണ്ട് മക്കളേ... കണ്ണീരും കയ്യുമായി ജീവിതം തള്ളിനീക്കാന്‍ പാടുപെട്ട യുവതിയെ ഭാഗ്യം കടാക്ഷിച്ചത് രണ്ട് മിനറ്റ് മുമ്പ്; അടിച്ചത് 60 ലക്ഷവും 11 പ്രോത്സാഹന സമ്മാനങ്ങളും

ദൈവത്തിന്റെ പരീക്ഷണം എപ്പോഴും അങ്ങനെയാണ് പരമാവധി കഷ്ടപ്പെടുത്തും. അവസാനം രക്ഷിക്കുകയും ചെയ്യും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആലപ്പുഴയില്‍ കണ്ടത്. നറുക്കെടുപ്പിന് രണ്ടു മിനിറ്റ് മുന്‍പ് ഭാഗ്യക്കുറിയെടുത്ത യുവതിക്ക് അടിച്ചത് 60 ലക്ഷവും 11 പ്രോത്സാഹന സമ്മാനങ്ങളും.
രണ്ടു വര്‍ഷം മുന്‍പു വരെ കലക്ടറേറ്റിനു മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെത്തുടര്‍ന്ന് വില്‍പന നിര്‍ത്തിയിരുന്നു. ഇതിനിടയിലാണ് പ്രകാശിന് വാഹനാപകടം സംഭവിച്ചത്. ശേഷം ലോട്ടറി വില്‍പ്പന അവസാനിപ്പിക്കേണ്ടതായി വന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടില്ല. ലേഖയുടെ കുടുംബവീട്ടിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. ജീവിതം വളരെയേറെ ദുരിതപൂര്‍ണമായിരുന്നു. കുട്ടികളുടെ പഠിത്തം നിത്യചെലവ് ഒന്നും താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. അപ്പോഴാണ് ഭാഗ്യം ലോട്ടറിയുടെ വഴിയെ എത്തിയത്.
അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് ഭാഗ്യക്കുറി വില്‍പനക്കാരിയായിരുന്ന തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖാ പ്രകാശിനെ തേടിയെത്തിയത്. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എ.വൈ. 771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.58നാണ് ലേഖ വാങ്ങിയത്. മൂന്നിനായിരുന്നു നറുക്കെടുപ്പ്.
സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മ്മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങണമെന്നുമാണ് ലേഖയുടെ ആഗ്രഹം.
ലോട്ടറിയിലൂടെ ജീവിതം രക്ഷപ്പെട്ട നിരവധി പേരുടെ കഥകളാണ് ഓരോ കാലത്തും പുറത്ത് വരുന്നത്. അതോടൊപ്പം തന്നെ സര്‍ക്കാരിനും വലിയ പണമാണ് ലോട്ടറിയിലൂടെ വരുന്നത്. സര്‍ക്കാരിന്റെ മുഖ്യ വരുമാന സ്‌ത്രോതസ് കൂടിയാണ് ലോട്ടറി വരുമാനം.
ലോട്ടറി വരുമാനത്തില്‍ ഈ സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടമാണ് കഴിഞ്ഞ വര്‍ഷവും ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത ആകെ വരുമാനം. ഇതോടെ ഒരു മാസത്തിന് ശേഷം സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും വരുമാനം 10,000 കോടി കടക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ഇപ്പോള്‍ തന്നെ മുന്‍ വര്‍ഷത്തെ ലോട്ടറി വരുമാനത്തെ ഈ സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് മറികടന്നു കഴിഞ്ഞു.
വരുമാനം 10,000 കോടി കവിഞ്ഞാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമാകും. പ്രളയം കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറിന്റെ വില്‍പ്പനയില്‍ തിരിച്ചടിയുണ്ടാക്കി. ഓണം ബംപറില്‍ ലോട്ടറി വകുപ്പ് 75 ലക്ഷം ലോട്ടറി വില്‍പ്പന ലക്ഷ്യമിട്ടെങ്കിലും 43 ലക്ഷം ലോട്ടറികള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞൊളളൂ. 2017 ല്‍ 65 ലക്ഷം ഓണം ബംപര്‍ വില്‍പ്പന നടന്ന സ്ഥാനത്താണിത്. നവകേരള നിര്‍മാണത്തിനായി 30 ലക്ഷം ലോട്ടറി അച്ചടിച്ചപ്പോള്‍ 16.1 ലക്ഷം മാത്രമേ വില്‍ക്കാനായൊള്ളു. അച്ചടിക്കുന്ന ലോട്ടറികള്‍ക്കെല്ലാം ജിഎസ്ടി അടയ്ക്കണം എന്ന വ്യവസ്ഥയുളളതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. എന്തൊക്കെയായാലും ലോട്ടറി അടിക്കുന്നവരെപ്പറ്റിയുള്ള വാര്‍ത്തയാണ് ഓരോരുത്തരേയും വീണ്ടും ലോട്ടറിയെടുക്കാന്‍ തോന്നിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























