ചങ്കുപിടയുന്ന ഒരു കുടംബം താഴെയുണ്ട്... പപ്പയ്ക്ക് പിന്നാലെ മകളേയും ഈ ലോകത്ത് നിന്നും പറഞ്ഞ് വിട്ടപ്പോള്‍ നൊമ്പരമായി കൊല്ലപ്പെട്ട റിജോഷിന്റെ സഹോദരന്റെ കുറിപ്പ്; തന്റെ പ്രിയപ്പെട്ട പാവയുമായി ചിരിച്ചുനില്‍ക്കുന്ന ആ കുഞ്ഞിന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് ആരുടേയും കണ്ണ് നനയിപ്പിക്കും

നിന്നേയും നിന്റെ പപ്പയേയുമോര്‍ത്ത് ചങ്കുപിടയുന്ന ഒരു കുടംബം താഴെയുണ്ട്... ഈ ചങ്ക് പിടയുന്ന ഫേസ്ബുക്ക് പോസ്റ്റിന് പുറകില്‍ വലിയൊരു കഥയുണ്ട്. എല്ലാ എതിര്‍പ്പുകളും മറികടന്ന് പ്രേമിച്ച് കല്യാണം കഴിച്ച ഒരു ദമ്പതികളുടെ അവസ്ഥയാണിത്. കൊല്ലപ്പെട്ട ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെയും മകള്‍ ജോവാനയെയും ഓര്‍ത്തുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ. വിജോഷ് ആണ് ആ തീവ്രദു:ഖം പങ്കുവയ്ക്കുന്നത്.
പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തോടെയാണ് ഭാര്യ ലിജിയും (29) കാമുകനായ ഫാം ഹൗസ് മാനേജര്‍ വസീമും (32) ഒളിവിലായത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ലിജിയുടെ ഇളയ മകള്‍ രണ്ടുവയസുകാരി ജൊവാനയെ വിഷംകൊടുത്ത് കൊന്നശേഷമാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുംബൈ പനവേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വിഷം ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന റിജോഷിന്റെ ഭാര്യ ലിജിയെയും (29) ഫാം ഹൗസ് മാനേജര്‍ വസീമിന്റെയും (32) നില മെച്ചപ്പെട്ടിട്ടില്ല. വസീമിന്റെ നില കൂടുതല്‍ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
ജൊവാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് തന്റെ പ്രിയപ്പെട്ട പാവയുമായി ചിരിച്ചുനില്‍ക്കുന്ന ആ കുഞ്ഞിന്റെ ചിത്രത്തോടൊപ്പം സഹോദരന്‍ ഫാ. വിജോഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്
'കളകള്‍ പറിേക്കണ്ട, ഒരുപക്ഷേ നിങ്ങള്‍ വിളയുംകൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട്, എന്തിനാണീശോ ഈ മാലാഖക്കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്... നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ട്ടോ! ഇനി ഒന്നുമാത്രമേ പറയാനുള്ളൂ നിന്നോട്. ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റിനട്ട അവള്‍ പൂക്കുമ്പോള്‍, ഭൂമിയിലെ ഈ കാട്ടുചെടികളെ ഓര്‍ക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത് ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതില്‍ നിന്റെ വല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസ്സാക്ഷിക്കുത്താണ്. ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റുചെയ്തവരോട് എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്‌നേഹിക്കുന്ന ഒരു ആങ്ങള.
ഒന്നുകൂടെ; എന്റെ ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം. ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മപ്പെടുത്തലായി, അത്ര മതി...'
അതേസമയം ഗുരുതരാവസ്ഥയിലുള്ള ലിജിയുടേയും വസീമിന്റേയും അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തും. 11 വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ തുടക്കത്തില്‍ എതിരായിരുന്നത്രേ. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിക്കുകയായിരുന്നു.
കുടുംബവീട്ടില്‍നിന്ന് മാറി താമസിച്ചശേഷം ഒരു വര്‍ഷം മുമ്പാണ് ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുമ്പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി.
റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാന്‍ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് റിജോഷിനെ കാണാതായത്. തുടര്‍ന്നു നവംബര്‍ ഏഴിന് റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പുത്തടി മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസ് ജീവനക്കാരനായ റിജോഷിനെ ലിജിയും വസീമും ചേര്‍ന്ന് കൊന്നെന്നാണു പൊലീസ് കേസ്.
"
https://www.facebook.com/Malayalivartha



























