ഭരണഘടനാ ബെഞ്ചിന്റെ വിധി ഇത്രമേല്‍ അസ്ഥിരമാകുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരംരാജ്

ഭരണഘടനാ ബെഞ്ചിന്റെ വിധി ഇത്രമേല്‍ അസ്ഥിരമാകുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരംരാജ്. വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ഒരു ന്യായാധിപന്‍ തന്റെ പഴയ നിലപാടിന് വിരുദ്ധമായ സമീപനം, മതിയായ കാരങ്ങള്‍ പറയാതെ സ്വീകരിച്ചിരിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. ആദ്യവിധിയില്‍ തെറ്റുണ്ടോ ഇല്ലയോ എന്ന കാര്യം മാത്രമാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പരിശോധിക്കേണ്ടത്. വിശ്വാസം സംബന്ധിക്കുന്ന മറ്റുചില കേസുകള്‍കൂടി കോടതിയുടെ പരിഗണനയിലുണ്ട്. അതുകൊണ്ട് ഭരണഘടനാബെഞ്ച് വിധിപറഞ്ഞ കേസ് വിശാലബെഞ്ചിലേക്ക് വിടുന്നതിനുള്ള കാരണമേയല്ല. അങ്ങനെ വിട്ടാല്‍ ഭരണഘടനാബെഞ്ചിന്റെ വിധികള്‍ക്കുപോലും ഒരു ഉറപ്പും സ്ഥിരതയുമില്ല എന്ന സ്ഥിതി സംജാതമാകും. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യുവതീപ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള നിയമപരമായ തടസ്സങ്ങളില്ല. ഇത് ദുരുപയോഗപ്പെടുത്താന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കും. കേരളംപോലൊരു സംസ്ഥാനം അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയിലെ പൗരന്മാര്‍ വലിയ ഭീഷണികള്‍ നേരിടുന്ന ഇക്കാലത്ത്, മെച്ചപ്പെട്ട ഭരണഘടനാബോധം കാണിക്കാനുള്ള ബാധ്യത മലയാളികള്‍ക്കുണ്ട്. ഭരണഘടന വ്യാഖ്യാനിക്കുന്നത് സുപ്രീംകോടതിയും ഹൈക്കോടതികളുമാണ്. ലിംഗനീതിയുടെയും മനുഷ്യന്റെ അന്തസ്സുമായി ബന്ധപ്പെട്ട അവകാശങ്ങളുടെയും അടിസ്ഥാനത്തിലാണ് അഞ്ചംഗ ബെഞ്ച് ശബരിമലക്കേസില്‍ വിധി എഴുതിയത്.
രാജ്യത്ത് മതവിശ്വാസവും സാമൂഹ്യക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകളും അനാചാരങ്ങളും നിലവിലുണ്ട്. അവ വ്യക്തിസ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോകില്ല. പുരുഷമേധാവിത്വത്തിലും ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലും രൂപപ്പെട്ട ഒരു സമൂഹത്തെ ജനാധിപത്യത്തിന്റെയും ലിബറലിസത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുകകൂടിയാണ് ഇന്ത്യന്‍ ഭരണഘടന ചെയ്തത്. ഭരണഘടനാ നിര്‍മാണവേളയിലെ ചര്‍ച്ചകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വിപ്ലവകരവും പരിഷ്‌കരണോന്മുഖവുമായ വിധിന്യായങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ യുവതീപ്രവേശനം.
തുല്യത, സ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ വിഷയങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് എതിരായിട്ടാണ് പലപ്പോഴും ഭരണഘടനാ കോടതികള്‍ വിധി പറഞ്ഞിട്ടുള്ളത്. ഭൂരിപക്ഷ ഹിതത്തിന്റെയോ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഭരണഘടനാവ്യത്യാസം നടക്കുന്നത്. അങ്ങനെ വ്യാഖ്യാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്ക് ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ കഴിയില്ല. ബ്രൗണ്‍ വേഴ്‌സസ് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ കേസില്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും വെളുത്തവര്‍ക്കൊപ്പം കറുത്തവര്‍ക്കും പ്രവേശനം നല്‍കണമെന്ന അമേരിക്കന്‍ സുപ്രീംകോടതി വിധി അന്നത്തെ പൊതുജനാഭിപ്രായത്തിന് എതിരായിരുന്നു. വര്‍ഷങ്ങള്‍ വേണ്ടി വന്നു വിധി നടപ്പാക്കാനെന്നും കാളീശ്വരം രാജ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























