കേസ് അന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ മികച്ച സേനയായ കേരളാ പൊലീസിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ക്കൂടി

കേസ് അന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ മികച്ച സേനയായ കേരളാ പൊലീസിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ക്കൂടി. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുമ്പോള്‍ പിന്‍തുടരേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി കേരളാ പൊലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പൊലീസ് ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തി. കോടതികളിലെ ഇലക്ട്രോണിക് തെളിവുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഫോറന്‍സിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' എന്ന തലക്കെട്ടില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പോലീസിന്റെ ഓണററി സൈബര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി വിനോദ് ഭട്ടതിരിപ്പാടും ചേര്‍ന്നാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയത്.
സൈബര്‍ സംബന്ധമായി ലഭ്യമാക്കുന്ന തെളിവുകളായ ഐ.പി അഡ്രസ്, സ്‌ക്രീന്‍ ഷോട്ട്, ഈമെയില്‍, ഓഡിയോവീഡിയോ ക്ലിപ്പിംഗ്, ഡേറ്റാ ബെയ്‌സ് തുടങ്ങിയവ ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 65 ബി പ്രകാരം നിയമാനുസൃതവും ആധികാരികവുമായി അവതരിപ്പിക്കാന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരേയും പ്രാപ്തരാക്കുന്ന തരത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ തെളിവ് നിയമത്തില്‍ സൈബര്‍ സംബന്ധമായി ലഭിക്കുന്ന തെളിവുകള്‍ ഉള്‍പ്പെടുത്തിയിട്ട് 20 വര്‍ഷമായെങ്കിലും ഇതാദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിശദവും ശാസ്ത്രീയവുമായ ഫോറന്‍സിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സി.ബി.ഐ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്, കസ്റ്റംസ്, ഡി.ആര്‍.ഐ അന്വേഷണ ഏജന്‍സികള്‍ക്കും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറെ പ്രയോജനപ്രദമാണ്. ഇത്തരമൊരു സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
https://www.facebook.com/Malayalivartha























