കയ്യടിച്ച് മലയാളികള്‍... ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതു സ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ച് ശ്രീചിത്രയിലെ ഗവേഷകര്‍

കേരളത്തിന്റെ അഭിമാനമാണ് തിരുവനന്തപുരത്തുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു യുഎസ് പേറ്റന്റ് ലഭിച്ചതിന് പിന്നാലെ മറ്റൊരു പൊന്‍ തൂവല്‍ കൂടി.
ഹൃദയത്തിന്റെ മേലറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതു സ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ച് ശ്രീചിത്രയിലെ ഗവേഷകര്‍. 'ചിത്ര എ.എസ്.ഡി. ഒക്ലൂഡര്‍' എന്നാണ് ഉപകരണത്തിന്റെ പേര്. നിറ്റിനോള്‍ കമ്പികളും നോണ്‍വോവണ്‍ പോളിസ്റ്ററും ഉപയോഗിച്ച് നിര്‍മിച്ച ഉപകരണത്തിന്റെ രൂപകല്പനയുടെ ഇന്ത്യന്‍ പേറ്റന്റിന് ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അപേക്ഷ നല്‍കി. ഉപകരണം സ്ഥാപിക്കാന്‍ നിര്‍മിച്ച സംവിധാനത്തിന്റെ പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്.
ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെയാണ് ഒക്ലൂഡര്‍ വികസിപ്പിച്ചത്. ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുണിയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. നിറ്റിനോള്‍ വയറുകള്‍ പ്രത്യേക രീതിയില്‍ ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിര്‍മിച്ചത്. നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാല്‍ കത്തീറ്റര്‍ വഴി ഹൃദയത്തില്‍ എത്തിച്ച് സുഷിരത്തില്‍ സ്ഥാപിക്കാം. കത്തീറ്ററില്‍നിന്ന് പുറത്തെത്തിയാല്‍ നിറ്റിനോള്‍ ചട്ടക്കൂട് വികസിച്ച് ഉള്ളില്‍ സ്ഥാപിച്ച തുണി രക്തം ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളില്‍ ആവരണം രൂപപ്പെട്ട് സുഷിരം അടയും. കാലക്രമേണ തുണിയുടെ ഉപരിതലത്തില്‍ കൂടുതല്‍ കോശങ്ങള്‍ വളരും.
ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേലറയുടെ മുകള്‍ഭാഗത്തുണ്ടാകുന്ന ഉരസല്‍കൊണ്ടുള്ള ചതവ് എന്നിവയാണ് ഉപകരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഡോ. സുജേഷ് ശ്രീധരന്‍ (സയന്റിസ്റ്റ്, എഫ് ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബി.എം.ടി. വിങ്), കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ്. ബിജുലാല്‍, ഡോ. കെ.എം. കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്.
ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ഹൃദയത്തിലെ സുഷിരങ്ങള്‍ ചികിത്സിക്കുന്നത്. ഇത്തരം ഉപകരണത്തിന് ഏകദേശം 60,000 രൂപയാണ് വില. ചിത്ര എ.എസ്.ഡി. ഒക്ലൂഡര്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില കുറയും. ഒക്ലൂഡര്‍ ഉപകരണ നിര്‍മാതക്കള്‍ക്ക് കൈമാറും. അവരുമായി ചേര്‍ന്ന് മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിക്കും. ഇതിന്റെ ഫലം അനുസരിച്ചും അനുമതി ലഭ്യമാകുന്നതിന്റെയും അടിസ്ഥാനത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കും.
അടുത്തിടേയാണ് ശ്രീചിത്രയ്ക്ക് മഞ്ഞളുമായി ബന്ധപ്പെട്ട് പേറ്റന്റ് ലഭിച്ചത്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനായി ഉപയോഗിച്ച കുര്‍ക്കുമിന്‍ വേഫര്‍ എന്ന സാങ്കേതിക വിദ്യക്കാണ് പേറ്റന്റ് ലഭിച്ചത്. ശ്രീചിത്രയിലെ ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോട് കൂടിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ കൈമാറാന്‍ തയാറായതായി ശ്രീചിത്ര ഡയറക്ടര്‍ ഡോ ആശ കിഷോര്‍ വ്യക്തമാക്കി. കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ്മ, ആല്‍ബുമിന്‍, ഫൈബ്രിനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്തു കനംകുറഞ്ഞ പാളികള്‍ തയ്യാറാക്കിയാണ് ചികിത്സ. ക്യാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഈ പാളി പതിപ്പിക്കുന്നു. ടിഷ്യു ഫ്‌ലൂയിഡ് വഴി കുര്‍ക്കുമിന്‍ ക്യാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇതി ക്യാന്‍സറിനെ വീണ്ടും പടരുന്നതില്‍ നിന്ന് പ്രതിരോധിക്കും.
യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കും. കുര്‍ക്കുമിനും ആല്‍ബുമിനും സംയോജിപ്പിച്ചു കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























