റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ആറ് മണിയോടെ മറ്റത്തൂർ കുണ്ടായി എസ്റ്റേറ്റിലെ ചൊക്കന ഡിവിഷനിലായിരുന്നു സംഭവം. ഭാര്യയോടൊപ്പം റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ശശിയുടെ പിന്നിലൂടെ കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു.
ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് തന്നെ ആന തുമ്പിക്കൈ വീശി ശശിയെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇയാളുടെ വാരിയെല്ലുകൾ തകർന്നുപോയി. ഭാര്യയുടെയും ശശിയുടെയും നിലവിളി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തോട്ടം തൊഴിലാളികൾ ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയതോടെയാണ് ആന കാട്ടിലേക്ക് പിൻവാങ്ങിയത്.
അതേസമയം തൊഴിലാളികൾ ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ശശിയെ കോടാലിയിലെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ പരിശോധനകൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും, അവിടെനിന്ന് നില വഷളായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























