മിച്ചഭൂമി വാങ്ങിയവര്‍ കെണിയില്‍, രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുള്ള തട്ടിപ്പ്

രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടക്കം കൂട്ടുനിന്ന് മിച്ചഭൂമിയാണെന്നതു മറച്ചുവച്ച് സ്ഥലം വില്‍പന നടത്തിയത് പുറത്തുവന്നു. ഇവര്‍ തട്ടിപ്പിന് ഇരയായത് ചിറയിന്‍കീഴില്‍ മാത്രം അറുപതോളം പേരെന്ന് ആദ്യ സൂചന. ഭൂമി വിലയ്ക്കു വാങ്ങി ആധാരം രജിസ്റ്റര്‍ ചെയ്ത ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ഒഴിപ്പിക്കല്‍ കെണിയിലാണ്. മിച്ചഭൂമി അല്ലെന്ന് ആധാരത്തില്‍ വ്യക്തമായി രേഖപ്പെടുത്തി ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടിയവരാണ് കെണിയില്‍പ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
മിച്ചഭൂമി ആണെന്ന് അറിഞ്ഞുകൊണ്ടാണ് വസ്തു വാങ്ങിയതെന്നും ഭാവിയില്‍ സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ നടപടി അടക്കമുള്ളവ ഉണ്ടായാല്‍ എതിര്‍ക്കില്ലെന്നുമുള്ള സത്യവാങ്മൂലം നല്‍കേണ്ടി വന്നത് വാങ്ങിയ ഭൂമിയുടെ കരമൊടുക്കാന്‍ വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ്. ചിറയിന്‍കീഴ് തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം ഇങ്ങനെ നൂറു രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി നല്‍കി ഈയിടെ സമീപ വില്ലേജുകളില്‍ പെട്ട ഒട്ടേറെ പേര്‍ പട്ടയം പതിച്ചു വാങ്ങി.
മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഇങ്ങനെ നടന്ന രജിസ്‌ട്രേഷനുകളെല്ലാം അസാധുവാകുമെന്നാണ് ഭയക്കേണ്ടത്. ഭൂപരിഷ്‌കരണ നിയമം അനുവദിക്കുന്നതില്‍ അധികം ഭൂമി കൈവശമുള്ളവര്‍ അതു വില്‍പന നടത്തരുതെന്ന ലാന്‍ഡ് ബോര്‍ഡിന്റേയും റവന്യൂ വിഭാഗത്തിന്റേയും ഉത്തരവുകള്‍ മറച്ചുവച്ചാണ് ഇത്തരം ഇടപാടുകള്‍ നടന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി 70 ഏക്കറില്‍ അധികം കൈവശമുണ്ടായിരുന്ന ആളില്‍ നിന്നു സ്ഥലം വാങ്ങിയ അറുപതോളം പേര്‍ ഇത്തരത്തില്‍ കെണിയില്‍പ്പെട്ടുവെന്നാണ് ആദ്യ വിവരം.

മിച്ചഭൂമി അല്ലെന്ന് വിലയാധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭാഗം
അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് നിലവിലെ നിയമം അനുസരിച്ച് പരമാവധി 15 എക്കര്‍ മാത്രമെ കൈവശം വയ്ക്കാനാകൂ. ഇതില്‍ അധികമുള്ളത് മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ചട്ടം. ഭൂമി വാങ്ങുന്നയാള്‍ അതിനുമുമ്പ് എത്ര ഭൂമിയുടെ ഉടമയാണെന്ന് കണ്ടെത്താന്‍ പഴുതുകള്‍ ഇല്ലാതിരുന്നതിനാലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ദ്രുതഗതിയില്‍ നടന്നിരുന്നതിനാലും ഓരോരുത്തരും സ്വന്തമാക്കിയ ഭൂമിയുടെ കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നു കരുതുന്നു. ചട്ടത്തിലെ പഴുതുകള്‍ മനസ്സിലാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ ട്രസ്റ്റുകള്‍ രൂപീകരിച്ചും, രേഖകള്‍ ഉണ്ടാക്കിയും എതിര്‍ രേഖകള്‍ മറച്ചുവച്ചു കോടതിയില്‍ നിന്നു നേടിയ അനൂകൂല ഉത്തരവുകളുടെ മറവിലാണ് മിച്ചഭൂമി കൈമാറ്റം ഏറെയും നടന്നിട്ടുള്ളത്.
ചിറയിന്‍കീഴ് തഹസീല്‍ദാര്‍ ജനുവരി 23-ന് , ഭൂപരിഷ്‌കരണ നിയമ നടപടികളുടെ ഭാഗമായി ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിനായി തയാറാക്കി നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കാതെ പൂഴ്ത്തിയെന്ന ആരോപണം ഇക്കാര്യത്തിലെ അവിശുദ്ധബന്ധത്തിനു തെളിവാണ്. റിപ്പോര്‍ട്ട് കോടതിക്കു മുന്നിലെത്തിയാല്‍ അന്വേഷണം വരുമെന്ന് വ്യക്തമായതോടെയാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നാണ് ആക്ഷേപം.

മിച്ചഭൂമി ആണെന്ന് മനസ്സിലാക്കി വാങ്ങിയെന്ന സത്യവാങ്മൂലം
വസ്തുക്കളുടെ പോക്കുവരവ് ചെയ്യുന്നതിന് നിലവിലെ ഉടമകളില്‍ നിന്നും മുദ്രപത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങാന്‍ കലക്ടറുടെ നിര്‍ദേശപ്രകാരം നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 23-ന് സ്വകാര്യ വ്യക്തി ഭൂപരിഷ്‌കരണ നിയമം പാലിച്ചില്ലെന്നതടക്കമുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചിറയിന്‍കീഴ് തഹസില്‍ദാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതിയില്‍ എത്താതിരുന്നത്.
ഈ രേഖയുടെ അഭാവത്തില്‍ സര്‍ക്കാരിന് എതിര്‍വാദമില്ലെന്ന നിഗമനത്തിലെത്തിയ കോടതി, നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം പതിച്ചു നല്‍കുവാന്‍ ഉത്തരവു നല്‍കി. എന്നാല്‍ റവന്യു വകുപ്പു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ മിച്ചഭൂമി നടപടി നേരിടുന്ന വസ്തുവാണന്ന് രേഖപ്പെടുത്താനും ഭാവിയില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ അവകാശത്തര്‍ക്കം ഉന്നയിക്കാന്‍ പാടില്ലെന്നും നിബന്ധനകളുണ്ടാകണമെന്നും കോടതി ഉത്തരവു നല്‍കി. വില നല്‍കി രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഇതോടെ കെണിയിലുമായി.
https://www.facebook.com/Malayalivartha























