സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിനിന്ന കുട്ടികള്‍ക്ക് നേരെ പെരുന്തേനീച്ച ആക്രമണം, 26 കുട്ടികള്‍ക്ക് പരുക്ക്
പത്തനംതിട്ട, വടശേരിക്കര ടി.ടി.തോമസ് സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കായി നിരത്തി നിര്‍ത്തിയ കുട്ടികള്‍ക്കു നേരെ പെരുന്തേനീച്ച ആക്രമണം. കുത്തേറ്റ 26 വിദ്യാര്‍ഥികളില്‍ 4 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവരെ വടശേരിക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടു. ഇന്നലെ രാവിലെ 10.45-ന് ആണു സംഭവം.
വടശേരിക്കര പാലത്തിനടിയില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടമാണ് ഇളകി കുട്ടികളെ കുത്തിയത്. സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്രയ്ക്കായി കുട്ടികളെ തൊട്ടടുത്ത ക്ഷേത്ര പരിസരത്ത് നിരത്തി നിര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. സ്കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്കി.
എല്ലാവരുടെയും മുഖത്താണു കുത്തേറ്റത്. മുഖത്ത് വേഗത്തില്‍ നീരുവന്ന 4 കുട്ടികളെയാണ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. 2 ആഴ്ച മുന്‍പ് ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നുപോകുന്ന സമയത്തും തേനീച്ചക്കൂട്ടം ഇളകി ഒട്ടേറെപ്പേരെ കുത്തിയിരുന്നു. നിരന്തരമായി ഉപദ്രവം ഉണ്ടാകുന്നതിനാല്‍ പാലത്തില്‍ നിന്ന് കാട്ടുതേനീച്ചയെ നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.
ഹര്‍ഷ ബിനു (10), മെര്ലിന് സജി (13), റിബിന് (14), സുബിന് (15) ]¯ എന്നിവരെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികള്‍ ഇവരാണ്: സ്നേഹ മാത്യു (14), സൗമ്യ (14), അഭിഷേക് (12), അനന്ദു (12), അന്‍സു ജയ ജോസഫ് (14), ശ്രുതി (14), തസ്ലിമ (13), മെല്ബിയ (14), അര്‍ച്ചന (14), പ്രീതു (10), ഡോണ (13), ജയലക്ഷ്മി (14), റിയ (14), ലീന (14), അലീഷമോള് (14), അഞ്ജിത (12), റിനുമോള് (11), ഗോപിക (14), അക്ഷയ് (15), ആതിര (13), ടി.എസ്. സ്നേഹ (12), അനശ്വര സുരേഷ് (12).
ഡിഎഫ്ഒ, മരാമത്ത് (പാലം) വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് തേനീച്ചയെ പാലത്തില്‍ നിന്നു നീക്കാന്‍ നിര്‍ദേശിച്ചു. വനം വകുപ്പിന് ഇതിനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ അടിയന്തര നടപടി മരാമത്ത് വിഭാഗം സ്വീകരിക്കും.
https://www.facebook.com/Malayalivartha