പാസ്പോര്‍ട്ട് എടുക്കാന്‍ അപേക്ഷ നല്‍കി, ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായി

ആലപ്പുഴ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസില്‍ അമല്‍ദേവിനെ(36) വാകത്താനം പൊലീസ് പിടികൂടി. 2 വര്‍ഷത്തോളമായി വാകത്താനം ഇരവുചിറ വെള്ളത്തടത്തില്‍ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍, ചേര്‍ത്തല, അമ്പലപ്പുഴ, കോട്ടയം ജില്ലയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ക്വട്ടേഷന്‍ , കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി.ടോംസണ്‍, എസ്‌ഐ പി.സി.ചന്ദ്രബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരികുമാര്‍, അതുല്‍, വിനോദ്, ബ്ലസണ്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വാകത്താനത്ത് തട്ടുകടയും സെപ്റ്റിക് ടാങ്ക് ശുചീകരണവും നടത്തിയിരുന്ന ഇയാള്‍ക്കെതിരെ ലഹരി മാഫിയ ബന്ധം ആരോപിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ വാകത്താനത്തെ വിലാസത്തില്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അതുല്‍, ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.സ്റ്റേഷനില്‍ എത്തിയ അമല്‍ദേവ് ആലപ്പുഴയിലെ വിലാസം പറയാന്‍ തയാറായില്ല.
തുടര്‍ന്ന് പൊലീസ് അച്ഛന്റെ പേരും വിവരവും അടക്കമുള്ളവ ശേഖരിച്ച ശേഷം ആലപ്പുഴ ജില്ലാ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതോടെയാണ് ആലപ്പുഴയിലെ 2 പൊലീസ് സ്റ്റേഷനുകളില്‍ ക്വട്ടേഷനും മോഷണവും കഞ്ചാവ് കച്ചവടവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ അമലാണ് വാകത്താനത്ത് ഒളിവില്‍ താമസിക്കുന്നതെന്ന് കണ്ടെത്തിയത്. പ്രതിയെ അമ്പലപ്പുഴ പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha























