അപക്സ് ട്രോമകെയര്‍ & ടെയിനിംഗ് സെന്റര്‍: ഏപ്രിലില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ടെയിനിംഗ് സെന്ററിന്റെ ഭാഗമായി 700 നഴ്സുമാര്‍ക്ക് പരിശീലനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അപക്സ് ട്രോമ കെയര്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കീഴിലുള്ള എല്ലാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ സെന്ററിലൂടെ പരിശീലനം നല്‍കാനാകും. തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള 700 നഴ്സുമാര്‍ക്കാണ് ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. നഴ്സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. നഴ്സുമാര്‍ ആരോഗ്യ മേഖലയിലെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടന്ന ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ 12 കോടി രൂപയും ടാറ്റ കെയര്‍ അനുവദിച്ച 12 കോടിയും ഉപയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള പരിശീലന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലോക ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കൊട്ടാരക്കര, കന്യാകുളങ്ങര, അടൂര്‍ ആശുപത്രികളില്‍ 28.21 കോടി രൂപ മുടക്കി ട്രോമകെയര്‍ സംവിധാനം ഒരുക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇവ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 20.77 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മികച്ച ട്രോമ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി 106 തസ്തികകള്‍ സൃഷ്ടിക്കുകയും ഇതില്‍ എമര്‍ജന്‍സി മെഡിസിനായി 41 അധ്യാപക തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി.യ്ക്ക് വിടുകയും ചെയ്തു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ഫണ്ടുപയോഗിച്ച് തിരുവനന്തപുരം ആലപ്പുഴം, എറണാകുളം ജി.എച്ച്., പാലക്കാട് തുടങ്ങിയ 5 സ്ഥലങ്ങളില്‍ ട്രോമകെയര്‍ ലെവല്‍ 2, ലെവല്‍ 3 ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കി വരികയാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 11.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം പുരോഗമിച്ച് വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലെവല്‍-1 ട്രോമ കെയര്‍ സംവിധാനവും കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍-2 ട്രോമ കെയര്‍ സംവിധാനവും ഒരുക്കുന്നതിനായി 2020-21 ബജറ്റില്‍ 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ട്രോമ കെയര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. വിശ്വനാഥന്‍, ടാറ്റ് കെയര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























