മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു ; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കോഴിക്കോടിന്റെ മുഖം

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാനായ അദ്ദേഹം അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചായിരുന്നു അന്ത്യം. പത്ത് വര്‍ഷത്തോളം കോഴിക്കോട് ഡിസിസി അധ്യക്ഷനായിരുന്ന ശങ്കരന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ്.
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ വിശ്വസ്തന്‍ എന്ന നിലയിൽ വളർന്ന പി ശങ്കരൻ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2001ല്‍ കൊയിലാണ്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയാണ് ശങ്കരന്‍. ഏറെക്കാലമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ രാജീവം വസതിയിലായിരുന്നു താമസം.
കേരള രാഷ്ട്രീയത്തിൽ കോഴിക്കോടിന്റെ മുഖമായിരുന്നു ഏറെക്കാലം അഡ്വ. പി ശങ്കരൻ. കെഎസ് യുവിലുടെയാണ് പൊതുരംഗത്ത് എത്തുന്നത്. പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലെ പ്രീഡിഗ്രി കാലത്ത് കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെയാണ് സജീവ രാഷ്ട്രീയ നേതാവായുള്ള പരിണാമം ആരംഭിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. 1991ല്‍ ബാലുശ്ശേരിയിൽ എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996 ൽ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭാംഗമായത്. 1999ല്‍ ലോക്‌സഭ പിരിച്ചുവിട്ടതോടെ കെ. മുരളീധരന് വേണ്ടി കോഴിക്കോട് വിട്ടുകൊടുത്തു.
ആന്റണി മന്ത്രി സഭയിൽ മന്ത്രിയായിരിക്കെയാണ് കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് 2005 ജൂലൈ ഒന്നിന് അദ്ദേഹം രാജിവച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും രാജിവച്ചു. കെ കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം 2006ല്‍ കൊയിലാണ്ടിയില്‍ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തു.
സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും മകനാണ് അഡ്വ. പി ശങ്കരൻ. 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം.
https://www.facebook.com/Malayalivartha























