താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മാതാവ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കിടെ കരുമം ഇടഗ്രാമം പെരുന്നില്ലാറ വീട്ടില്‍ വസന്തയുടെ മകളും രാജീവന്റെ ഭാര്യയുമായ സിന്ധു (35) മരിച്ചിട്ട് ഒരു വര്‍ഷം. ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്നാണ് മകള്‍ മരിക്കാനിടയായതെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെത്തി.
മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു ശേഷം ബോധം തെളിയാത്ത യുവതി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മരിക്കുകയായിരുന്നു.
2019 ഫെബ്രുവരി 13-ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യല്‍റ്റി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. അനസ്തീസിയ നല്‍കിയതില്‍ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വസന്ത കുറ്റപ്പെടുത്തി. മകളുടെ പറക്കമുറ്റാത്ത കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കനിയണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഒന്നര വയസ്സു വീതമുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് സിന്ധുവിന്. അമ്മ നഷ്ടമായതോടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ബന്ധുക്കള്‍ വളരെ ബുദ്ധിമുട്ടുകയാണ്.
https://www.facebook.com/Malayalivartha