ഫ്രീക്കൻ പിള്ളേർക്ക് കാറും ബൈക്കും കൊടുത്ത് കവടിയാറിൽ വിട്ട് ജീവൻ തുലയ്ക്കുന്ന മാതാപിതാക്കളറിയാൻ...; തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു

തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു. കവടിയാർ വെള്ളയമ്പലം റോഡിൽ വാഹനങ്ങളുടെ അമിത വേഗവും അപകടവും ഇടവേളകളുടെ വ്യത്യാസത്തിൽ ആവർത്തിക്കുകയാണ്. ഇന്നലെ കാറും ബൈക്കും തമ്മിലുണ്ടായ മത്സര ഓട്ടത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ചു യുവാക്കൾക്ക് പരുക്കേറ്റു.
മൻമോഹൻ ബംഗ്ലാവിന് മുന്നിൽ രാത്രി 9.30 ഓടെയായിരുന്നു സംഭവം. കവടിയാർ ഭാഗത്തു നിന്ന് അമിതവേഗത്തിൽ വന്ന കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറോടിച്ച അഭിദേവ്, കാറിലുണ്ടായിരുന്ന അമോദ്, രോഹിത്, ശബരി എന്നീ യുവാക്കൾക്കും ബൈക്കോടിച്ച നാസി മുഹമ്മദിനും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമോദിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എല്ലാവരും തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥികളാണ്. അമോദ്, ശബരി എന്നിവർക്ക് പ്രായപൂർത്തിയായിട്ടില്ല. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്തേക്കു മാറ്റി.
ഒരു മാസത്തിനിടയിൽ കവടിയാർ– വെള്ളയമ്പലം റോഡിൽ ഇന്നലെ സംഭവിച്ചത് മൂന്നാമത്തെ അപകടമാണ്. കഴിഞ്ഞ 11 ന് ആഡംബര വാഹനം ടയർ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചിരുന്നു. എന്നാൽ അത്ഭുതകരമായി കാർ യാത്രക്കാർ രക്ഷപ്പെട്ടു. സംഭവ സമയം മറ്റു വാഹനങ്ങളില്ലാത്തതിനാൽ മാത്രമാണ് ദുരന്തം ഒഴിവായത്. അപകടം നടന്നു തൊട്ടടുത്ത നിമിഷം കാറുടമ നമ്പർ പ്‌ളേറ്റ് ചുരണ്ടി മാറ്റിയത് സംശയത്തിന് ഇടയാക്കിയിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷൻ വാഹനം പിന്നീട് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. നാണക്കേട് ഒഴിവാക്കാനാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്നായിരുന്നു വാഹന ഉടമയായ തിരുമല സ്വദേശി സുനിൽ കുമാറിന്റെ വിശദീകരണം. സമാന സംഭവം തൊട്ടടുത്ത മണിക്കൂറിലും ഉണ്ടായി അമിതവഗതയിലെത്തിയ ബൈക്കും അപകടത്തിൽപെട്ടു. ഇതിനും ഒരാഴ്ച മുമ്പ് ടെന്നീസ് ക്ളബിനു സമീപം പോസ്റ്റിലേക്ക് കാർ ഇടിച്ചു കയറി അപകടം സംഭവിച്ചിരുന്നു.
വെള്ളയമ്പലം മാനവീയം വീഥിയിൽ വാഹനങ്ങളുടെ മത്സരയോട്ടം വ്യാപകമെന്നും പലപ്പോഴും ഇത്തരക്കാരെ പിടികൂടാറുണ്ടെങ്കിലും ഉന്നത ഇടപെടൽ മൂലം വിട്ടയയ്ക്കേണ്ടി വരുന്നതായും പൊലീസ് തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടമെന്നറിയപ്പെടുന്ന മാനവീയം വീഥിയിലും രാത്രിയിൽ വാഹനങ്ങളുടെ മത്സരയോട്ടം പതിവാണ്. കാറുകളും ബൈക്ക് സംഘങ്ങളുമാണ് ഇതിനു പിന്നിൽ. വിജയികൾക്കു പ്രൈസ് മണിയും മദ്യവും സമ്മാനമായി ലഭിക്കാറുണ്ട്. മത്സരയോട്ടങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും പങ്കെടുക്കുന്നുണ്ട്. ഓട്ടത്തിനിടയിൽ പരുക്ക് ഏൽക്കുന്നവരെ ഉപേക്ഷിച്ച് സ്ഥലം വിടുന്നതും പതിവാണ്. മത്സരയോട്ടം കണ്ടു ഭയന്ന നാട്ടുകാരുടെ പരാതിവിളി തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ എത്തുമ്പോഴാണ് പൊലീസ് ഉണരുന്നത്. ഉന്നതരുടെ മക്കളും സംഘത്തിൽ ഉള്ളതിനാൽ പിടികൂടുന്നവർ സ്റ്റേഷനിൽ എത്തുന്നതിനു മുൻപു തന്നെ ഇറക്കിവിടാനുള്ള വിളി എത്തിയിരിക്കും. മത്സരയോട്ടത്തെ കൂടാതെ ലഹരി സംഘങ്ങളും ഇവിടെ സജീവമാണ്. ഇരുട്ടിന്റെ മറവിലാണ് ഇക്കൂട്ടരുടെയും പ്രവർത്തനം. റെയ്‌സിങ് സംഘങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും അമിതവേഗതയ്ക്കു കുറവൊന്നും വന്നിട്ടില്ല.
രാജ്ഭവൻ ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലാണ് ഇത്രയും അപകടങ്ങൾ സംഭവിക്കുന്നത്. തടയാൻ പൊലീസിനു കഴിയുന്നുമില്ല. അമിതവേഗക്കാരുടെ അശ്രദ്ധ മൂലം കാൽനടയാത്രക്കാർക്കും പരുക്കേറ്റ സംഭവങ്ങളുണ്ടായി.
പൊലീസിന്റെ ശ്രദ്ധക്കുറവാണ് രാത്രി അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ആരോപണമുണ്ട്. തുടർച്ചയായി അപകടങ്ങളുണ്ടായപ്പോഴാണ് അമിത വേഗം തിരിച്ചറിയാനായി മോട്ടോർ വാഹന വകുപ്പ് റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ രാത്രി മത്സരയോട്ടങ്ങളും അമിത വേഗവും ക്യാമറയുടെ കണ്ണിൽപ്പെടുന്നില്ലെന്നാണ് ആരോപണം. അതീവ സുരക്ഷാ മേഖലയായിട്ടും ഇവിടുത്തെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തത് അധികാരികൾ ശ്രദ്ധിക്കുന്നില്ല. മുൻപ് രണ്ട് അപകടങ്ങളുണ്ടായപ്പോഴും അടുത്തുള്ള കടയിലെ സിസിടിവി ക്യാമറകളായിരുന്നു പൊലീസ് പരിശോധിച്ചിരുന്നത്. വേഗത നിയന്ത്രിക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ സ്ഥലത്തു നിന്നു മാറ്റിയതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
കവടിയാർ പോലെത്തന്നെ കരമന-നേമം റോഡിലും കഴക്കൂട്ടം-മുക്കോല ബൈപ്പാസിലും അപകടങ്ങൾ കൂടുതലാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ പായിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തെത്തുടർന്ന് പോലീസ് പല സ്ഥലത്തും രാത്രി പരിശോധന ശക്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചവരടക്കം നിരവധിപേരാണ് ഈ പരിശോധനകളിൽ കുടുങ്ങിയത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനാപകടത്തിന്റെ അടുത്ത ദിവസം ശ്രീചിത്രയിലെ ഒരു ഡോക്ടർ ഓടിച്ച വാഹനവും പാളയത്ത് അപകടത്തിൽപ്പെട്ടിരുന്നു. മദ്യലഹരിതന്നെയാണ് രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം. ഒഴിഞ്ഞ റോഡിലെ അമിതവേഗത കൂടിയാവുന്നതോടെ പരിക്കും കൂടുതലായിരിക്കും.
https://www.facebook.com/Malayalivartha






















