ബൈക്കുമായി മത്സരയോട്ടം നടത്തിയ കാര്‍ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് 5 പേര്‍ക്ക് പരുക്ക്

രാത്രി സ്ഥിരം അപകട മേഖലയായ കവടിയാര്‍- വെള്ളയമ്പലം റോഡില്‍ ബൈക്കുമായി മത്സരയോട്ടം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലെ പോസ്റ്റിലിടിച്ച് കാറിലുണ്ടായിരുന്ന 5 പേര്‍ക്ക് പരുക്കേറ്റു.
കുഞ്ചാലുംമൂട് സ്വദേശി അമോദ് (17), പൂജപ്പുര സ്വദേശി ശബരി (17), ആല്‍ത്തറ സ്വദേശി നാഷ (18), കുടപ്പനക്കുന്ന് സ്വദേശികളായ അഭിദേവ് (21), സാനു (18) എന്നിവര്‍ക്കാണ ഇന്നലെ രാത്രി പത്തോടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റത്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി മ്യൂസിയം പൊലീസ് അറിയിച്ചു.
പരുക്കേറ്റവരെയെല്ലാം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും, കാറിന്റെ പുറകു വശത്തെ സീറ്റില്‍ ഇടിയേറ്റ ഭാഗത്തിരുന്ന അമോദിന്റെ തലയ്ക്കു ഗുരുതര പരുക്കുണ്ട്. കൈമുട്ടിനു താഴെ പൊട്ടലുമുണ്ട്. അമോദിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കുമായി കവടിയാര്‍ മുതല്‍ മത്സരയോട്ടത്തിലായിരുന്നു കാര്‍. മന്‍മോഹന്‍ ബംഗ്‌ളാവിനു സമീപത്തെ ചെറിയ വളവിലെത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടമായി എതിര്‍വശത്തെ ഡിവൈഡറിലുണ്ടായിരുന്ന പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്നു. അപകടം കണ്ട് ഓടിക്കൂടിയവരും പൊലിസും ചേര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തു. എംഎല്‍എ. ഹോസ്റ്റലില്‍ നിന്നുള്ള 108 ആംബുലന്‍സിലാണ് പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
അമോദ് ഒഴികെയുളളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ കാര്‍ സ്ഥലത്തു നിന്നു മാറ്റി. മ്യൂസിയം പൊലിസ് കേസെടുത്തു.
ഒരു മാസത്തിനിടെ കവടിയാര്‍- വെള്ളയമ്പലം റോഡില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ 11-ന് ആഡംബര വാഹനം ടയര്‍ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചെങ്കിലും കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇതിനും ഒരാഴ്ച മുമ്പ് ടെന്നീസ് ക്‌ളബിനു സമീപം പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
രാത്രി അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം പൊലീസിന്റെ ശ്രദ്ധക്കുറവാണെന്ന് ആരോപണമുണ്ട്. തുടര്‍ച്ചയായി അപകടങ്ങളുണ്ടായപ്പോഴാണ് അമിത വേഗം തിരിച്ചറിയാനായി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ രാത്രി മത്സരയോട്ടങ്ങളും അമിത വേഗവും ക്യാമറയുടെ കണ്ണില്‍പ്പെടുന്നില്ലെന്നാണ് ആരോപണം. വേഗത നിയന്ത്രിക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ സ്ഥലത്തു നിന്നു മാറ്റിയതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















