ഗുരുവായൂരപ്പനെ തേടി തനിയെ കാടിറങ്ങിവന്ന പത്മനാഭൻ..തലപ്പൊക്കത്തിലും തറവാടിത്തത്തിലും ഇവൻ കെങ്കേമൻ.....പത്മനാഭന്റെ ഓർമ്മയിൽ വിതുമ്പി ഒരു നാട്

നിലബൂർ കുന്നിൽ നിന്നും കാടിറങ്ങിവന്നതാണ് ഈ ഗജവീരൻ. ലക്‌ഷ്യം ഗുരുവായൂരപ്പന്റെ സന്നിധാനം. ആനപിടുത്തം സജീവമായിരുന്ന കാലത്താണ് കുന്നിറങ്ങി പത്മനാഭൻ നാട്ടിലെത്തുന്നത്. പിന്നീട് കാട്ടിലേക്ക് തിരികെപോകാൻ മനസ്സുവന്നില്ല. അത്രക്കായിരുന്നു ആരാധകവൃന്ദം .നിലബൂർ കുന്നിനെ വെല്ലുന്ന തലപൊക്കമുള്ള പത്മനാഭൻ അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുകയായിരുന്നു.കാടിനുള്ളിലെ കിടങ്ങുകളിൽ അകപ്പെടാതെ ആനപിടിത്തക്കാരെ വെട്ടിച്ചുകൊണ്ടായിരുന്നു പത്മനാഭന്റെ വരവ്. കുന്നിറങ്ങി വന്നതിനുശേഷം മനുഷ്യർക്കിടയിൽ നിന്നും ഈ കുട്ടിക്കൊമ്പൻ മാറിയിട്ടില്ല. ആൾക്കൂട്ടം എന്നും ഹരമായിരുന്നു പത്മനാഭന്.
മനുഷ്യവാസമേഖലയിൽ നിന്നും കൊമ്പനെ നാട്ടുകാർ ചേർന്ന് പിടികൂടി ആലത്തൂരിലുള്ള സ്വാമിയുടെ അടുക്കൽ എത്തിച്ചു. ആനക്കുട്ടിയുടെ തലയെടുപ്പും തേജസ്സും കണ്ട സ്വാമി അമ്പരന്നു. അത്രക്കുണ്ടായിരുന്നു പത്മനാഭന് അഴക്. ആനക്കച്ചവടത്തിനും മറ്റ് ജോലികൾക്കും വിടാതെ സ്വാമി ഗജവീരനെ ഒപ്പം കൂട്ടി. പിന്നീടങ്ങോട്ട് സ്വാമിയുടെ സന്തതസഹചാരിയായി മാറുകയായിരുന്നു ഈ കുട്ടിക്കൊമ്പൻ. എന്നാൽ പിന്നീട് ഇരുവർക്കും പിരിയേണ്ട സാഹചര്യം ഉടലെടുത്തു. ഇ.പി. ബ്രദേഴ്സ് എന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമകളുടെ വീട്ടിലെ മുത്തശ്ശി തന്റെ രോഗം ഭേദമായാൽ ഗുരുവായൂരപ്പന് മാങ്ങാമാല നൽകാമെന്നു നേർച്ച നേർന്നിരുന്നു. എന്നാൽ, അതു മാത്രം പോരാ എന്നായി കുടുംബ ജ്യോൽസ്യൻ . അസുഖം മാറിയില്ലേ, ഒരു ആനയെ നടയിരുത്തണമെന്നായിരുന്നു ജ്യോത്സ്യന്റെ നിർദേശം. തുടർന്ന് നാടുമുഴുവൻ ഇ.പി. ബ്രദേഴ്സ് ആനയെത്തപ്പി. ലക്ഷണമൊത്ത ആനയെ എങ്ങും കണ്ടുകിട്ടിയില്ല. തുടർന്നാണിവർ ആലത്തൂർ സ്വാമിയുടെ അടുക്കലെത്തുന്നത്. ഗുരുവായൂരപ്പന് സമർപ്പിക്കാൻ കൂട്ടത്തിലെ ഏറ്റവും കേമനായ ആനയെ വേണം. എന്നാൽ തന്റെ ഗജവീരനെ വിട്ടുനൽകാൻ സ്വാമി തയ്യറായില്ല. എന്നാൽ പിന്നോട്ടുമാറാൻ ഗുരുവായൂർ കണ്ണനും മനസ്സില്ലായിരുന്നു. ഒടുവിൽ സ്വാമിക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ ഏതു ആനയും കൊതിക്കുന്ന പേര് തന്നെ കൊമ്പന് ചാർത്തികിട്ടി. ഗുരുവായൂർ എന്ന വിശേഷണം. പത്മനാഭന്റെ പേര്, ജന്മനായുള്ള അഴക്, തറവാടിത്തമുള്ള രൂപം , തലപ്പൊക്കം, പത്മനാഭന്റെ വിശേഷണങ്ങൾ ഏറെയായിരുന്നു.
ഗുരുവായൂരിൽ നടയിരുത്തിയ ശേഷവും പത്മനാഭൻ എരാണ്ടത്തു പുത്തൻവീടുമായുള്ള ആത്മബന്ധം പുലർത്താൻ മറന്നിരുന്നില്ല. യാത്രകളിൽ ഒക്കെയും തറവാടിൽ മുഖം കാണിക്കും. ഇതിനു തെളിവായിരുന്നു യാത്രക്കിടെ പാപ്പാന്മാരുടെ നിർദേശം ചെവിക്കൊള്ളാതെ പത്മനാഭൻ എരാണ്ടത്തു പുത്തൻ വീടിന്റെ വീട്ടുമുറ്റത്തു ചെന്ന് നിൽക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഉത്സവസ്ഥലത്തേക്കു ലോറിയിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ കൊമ്പനെ ഈ മുറ്റത്തേയ്ക്കു കൊണ്ടുവന്നിരുന്നു . ആനയെ ഇറക്കാനുള്ള പ്രയാസം പരിഗണിച്ചു ലോറിയിൽനിന്നു താഴെയിറക്കുന്നില്ലെന്നു മനസ്സിലാക്കിയ പത്മനാഭൻ കണ്ണീരണിഞ്ഞു നിന്നതും ഗുരുവായൂരിൽ കാണാൻ ചെന്നാൽ സ്നേഹത്തോടെ ചേർന്നു നിൽക്കാറുള്ളതുമൊക്കെ ഒറ്റപ്പാലത്തെ ‘ഇപി ബ്രദേഴ്സ്’ കുടുംബാംഗങ്ങൾ ഇപ്പോഴും ഓർക്കുന്നു.
പാലക്കാടിലെ ആദ്യകാല ആനയുടമയായ ആലത്തൂർ സ്വാമിയുടെ കണ്ണിലുണ്ണിയായിരുന്നു നിലമ്പൂർ കാട്ടിൽ നിന്നെത്തിയ ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ. നിലമ്പൂർ കോവിലകത്തുനിന്ന് ആലത്തൂരിലെത്തിയ ആനക്കുട്ടിയെ ഗുരുവായൂരപ്പനു സമർപ്പിക്കാൻ ഇ.പി. അച്യുതൻ നായരും ഇ.പി. മാധവൻ നായരും ആലത്തൂർ സ്വാമിക്ക് വാഗ്ദാനം ചെയ്തതു മോഹവിലയായിരുന്നു . പക്ഷേ, സ്വാമി വിൽക്കാൻ മടിച്ചു. ഗുരുവായൂരപ്പനു നടയിരുത്താനാണെന്നു പറഞ്ഞിട്ടും വഴങ്ങാതിരുന്ന ആലത്തൂർ സ്വാമി, രാത്രി ഉറക്കത്തിനിടെ കണ്ട സ്വപ്നത്തിന്റെ പേരിലാണു പിന്നീട് ആനയെ കൈമാറിയതെന്നാണ് ഇപി കുടുംബത്തിലെ പിന്മുറക്കാർ പങ്കുവെക്കുന്ന കേട്ടുകേൾവി.
16,000 രൂപ നൽകിയായിരുന്നു കൊമ്പനെ ആലത്തൂരിൽ നിന്ന് ഇപി തറവാട്ടിലെത്തിച്ചത്. തുടർന്ന് 1954ൽ കുടുംബം ഗുരുവായൂരിൽ നടയ്ക്കിരുത്തി. അന്ന് പത്മനാഭന് 14 വയസ്സ് ആയിരുന്നു പ്രായം . അച്യുതൻ നായരുടെയും മാധവൻ നായരുടെയും അമ്മ ലക്ഷ്മി അമ്മയുടെ വഴിപാടായിരുന്നു നടയ്ക്കിരുത്തൽ. പണ്ട്, തിരുവിതാംകൂർ മഹാരാജാവ് നടയിരുത്തിയ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞതിനു പിന്നാലെയെത്തിയ കൊമ്പനു ക്ഷേത്രം അതേ പേരുനൽകി സ്വീകരിക്കുകയായിരുന്നു . പിൽക്കാലത്തു പത്മനാഭൻ, സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻഗാമിയായും കണ്ണന്റെ പ്രതിരൂപമായും വിശേഷിപ്പിക്കപ്പെട്ടു . ഗജവീരന് അന്ത്യോപചാരം അർപ്പിക്കാൻ ഇപി കുടുംബാംഗങ്ങൾ കഴിഞ്ഞ ഗുരുവായൂരിലെത്തിയിരുന്നു. ഇ.പി. ചിത്രേഷ് നായർ, ഇ.പി. രാമൻകുട്ടി, ഇ.പി. ഹരിദാസ്, ഇ.പി. രാഹുൽ, പി. സുനിൽ എന്നിവർ ചേർന്നു പത്മനാഭന് പുഷ്പചക്രം സമർപ്പിച്ചു. പത്മനാഭന്റെ വേർപാടിൽ വിതുമ്പുകയാണ് ഒരു നാട് മുഴുവനും. പത്മനാഭൻ വിടവാങ്ങുകയല്ല ഗുരുവായൂരപ്പനിൽ അലിഞ്ഞു ചേരുകയായിരുന്നു. അത്രയായിരുന്നു ഗുരുവായൂരപ്പനും പത്മനാഭനും തമ്മിലുള്ള ആത്മബന്ധം.
https://www.facebook.com/Malayalivartha






















