17 വര്‍ഷത്തിനു ശേഷം വിധി: ശാന്തിക്കാരന്റെ ശമ്പളം തട്ടിയെടുത്ത ദേവസ്വം ഉദ്യോഗസ്ഥന് ഏഴര വര്‍ഷം കഠിനതടവ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിലെ രാമമംഗലം സബ് ഗ്രൂപ്പ് ഓഫിസറായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട അമ്പലംമുക്ക് പവിത്രം വീട്ടില്‍ എം.എന്‍.രഘുകുമാറിനെ, ക്ഷേത്രം ശാന്തിക്കാരന്റെ ശമ്പളം തട്ടിയെടുത്തുവെന്ന കുറ്റത്തിന് ഏഴര വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 5 മാസം കൂടി അധിക തടവ് അനുഭവിക്കണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് വിധി.
രാമമംഗലം സബ് ഗ്രൂപ്പിനു കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായിരുന്ന മൂവാറ്റുപുഴ തെക്കെ മാറാടി ഇടമന ഇല്ലം പി. എന്‍. കേശവന്‍ ഇളയതിന്റെ ശമ്പളയിനത്തിലുള്ള 22,741രൂപ, 2001 കാലഘട്ടത്തില്‍ തൃക്കാരിയൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ നിന്ന് ചെക്ക് ഉപയോഗിച്ച് മാറിയെടുത്തുവെന്നായിരുന്നു പരാതി.
2003-ല്‍ കേശവന്‍ ഇളയത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് 17 വര്‍ഷത്തിനു ശേഷം കോടതി ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ നടപടികള്‍ തുടുങ്ങുന്നതിനു മുന്‍പേ കേശവന്‍ ഇളയത് മരിച്ചുപോയിരുന്നു.
എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. വിവിധ വകുപ്പുകളിലായി 7 വര്‍ഷം കഠിന തടവും 1,20,000/- രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 5 മാസം കൂടി തടവും അനുഭവിക്കണം എന്നാണ് ശിക്ഷാവിധി. വിജിലന്‍സിനു വേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ എല്‍.ആര്‍.രഞ്ജിത് കുമാര്‍ ഹാജരായി.
https://www.facebook.com/Malayalivartha






















