ദരിദ്ര കുടുംബത്തിന്റെ വീട് നിർമ്മാണം തടയാൻ ഡിവൈഎഫ്‌ഐ ശ്രമം; മേഖലാ സെക്രട്ടറിയുടെ വ്യക്തി വൈരാഗ്യം തീർക്കാൻ വീട് നിർമ്മിക്കാനെത്തിയ ലോറി ഡ്രൈവറെ ആക്രമിച്ചു

കടുത്തുരുത്തി മാൻവെട്ടത്ത് ദരിദ്ര കുടുംബത്തിന്റെ വീടു നിർമ്മാണം തടയാൻ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ശ്രമം. സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ വീടു നിർമ്മിക്കാൻ എത്തിച്ച സാധനങ്ങളുമായി വന്ന ലോറി തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകർ ലോറി ഡ്രൈവറെ ആക്രമിച്ചു. സംഭവത്തിൽ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അടക്കം നാലു പേർ പിടിയിലായി.
ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മേമുറി തിരുവൻമൂലയിൽ ദയാനന്ദന്റെ മകൻ ആദർശ് (21), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വാടമുറിക്കൽ വിജയന്റെ മകൻ അരുൺ (35), പുത്തേറ്റുപറമ്പിൽ അക്ഷയ്കുമാർ (21), പറക്കാട്ടുകുഴിയിൽ സിനിലാൽ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കടുത്തുരുത്തി മാൻവെട്ടം മേമുറി ചോകോംപറമ്പിൽ ദീപാമോളുടെ വീടിനെതിരെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം. ലോറി ഡ്രൈവർ നമ്പ്യാകുളം പണിക്കരേടത്ത് ജിബിനെ (21)യാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ ജിബിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫെബ്രുവരി 23 നായിരുന്നു സംഭവം. അയൽവാസികളായ ദീപാമോളുടെയും ആദർശിന്റെയും കുടുംബങ്ങൾ തമ്മിൽ വഴിത്തർക്കം നിലവിലുണ്ട്. ആദർശിന്റെ വീട്ടിനു സമീപത്തു കൂടിയാണ് ദീപാമോളുടെ വീട്ടിലേയ്ക്കുള്ള വഴി. വഴിത്തർക്കം സംബന്ധിച്ചു കോടതിയിൽ കേസും നിലവിലുണ്ട്. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ദീപാമോളും കുടുംബവും ഇപ്പോൾ കഴിയുന്നത്. ഇവരുടെ അവസ്ഥ മനസിലാക്കിയതിനെ തുടർന്ന് ഏറ്റുമാനൂരിലെ അർച്ചന വിമൺസ് സെന്റർ പ്രവർത്തകർ ഇവരുടെ വീട് പുനർ നിർമ്മിച്ചു നൽകാൻ പദ്ധതി തയ്യാറാക്കി. ഇതിനായി വീട്ടു സാധനങ്ങളുമായി അർച്ചന വിമൻസ് സെന്ററിൽ നിന്നുള്ള ലോറിയുമായി കഴിഞ്ഞ ദിവസം ജിബിൻ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ, ലോറി വഴിയിൽ തടഞ്ഞു നിർത്തിയ അക്രമി സംഘം, ജിബിനെ മർദിച്ചു. തുടർന്നു കേസെടുത്ത പൊലീസ് അന്വേഷണം നടത്തി നാലു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha






















