കലാലയ രാഷ്ട്രീയം പാടില്ല; കോളേജിൽ പോകുന്നത് പഠിക്കാനാണ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

കലാലയ രാഷ്രീയം പാടില്ലായെന്ന അഭിപ്രായവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കഴിഞ്ഞ ദിവസം കലാലയ സമരങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നതായും ടിക്കാറം മീണ വ്യക്തമാക്കി. രാഷ്ട്രീയക്കളികൾ കൊണ്ട് ക്യാമ്പസുകൾ കലാപ ഭൂമിയാക്കാൻ പാടില്ല. തന്‍റെ കുട്ടിയെ കോളേജിലേക്കയക്കുന്നത് പഠിക്കാനാണെന്നും മറിച്ച് രാഷ്ട്രീയം കളിക്കാൻ അല്ലെന്നും മീണ പറഞ്ഞു. നെടുങ്കണ്ടം എംഇഎസ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടക്കാണ് ടിക്കാറാം മീണ തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ വരുന്നത്. സമാധാനപരപമായ ചർച്ചകൾക്കും സംവാദങ്ങൾക്കും കോളജുകളിൽ ഇടമുണ്ടാകണം. എന്നാൽ പഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കലാലയപ്രവർത്തനം തടസപ്പെടുത്തും വിധം പഠിപ്പുമുടക്കലോ സമരമോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർ പൊലീസിനെ അറിയിക്കണമെന്നും കോടതി നിർദേശിക്കുന്നു. പഠിപ്പ് തടസപ്പെടുത്തിയുളള കലാലയ രാഷ്ട്രീയങ്ങളും സമരങ്ങളും തടയണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളും സ്കൂളുകളും നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നല്കാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha






















