നടിയെ ആക്രമിച്ച കേസ്... താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് മുമ്ബ് നല്‍കിയ മൊഴി പൂര്‍ണമായി തളളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയത്.
ദീലീപ് തന്റെ സിനിമാ ആവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.
എന്നാല്‍ ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്ന് ഇടവേള ബാബു കോടതിയില്‍ പറഞ്ഞു. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.
https://www.facebook.com/Malayalivartha
























