കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തം... ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍; ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. തലസ്ഥാനത്ത് അഞ്ച് മണിക്കൂറാണ് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തില്‍ റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയത്. ജനങ്ങളെ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ കലക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
മിന്നല്‍ പണിമുടക്ക് തെറ്റാണെന്നും കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നും കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബസുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കും. ഇതിന് ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടി.
പല പരാതികളിലായി ഇതിനകം ആറ് കേസുകള്‍ കെഎസ്ആടിസി ജീവനക്കാര്‍ക്കെതിരെ തമ്ബാനൂര്‍, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്. ഗതാഗത സ്തംഭനത്തിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്.
അന്വേഷണ ചുമതലയുള്ള കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസിനെ കൈയേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ മൊഴി. പൊലീസിനോട് കലക്ടര്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























