ദേവനന്ദയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന; രാത്രിയും പകലും പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പെരുമാറ്റം അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു: കടന്നുകളയാനുള്ള അവസരമുണ്ടാകാത്ത വിധം നിരീക്ഷണത്തിലായ ആളുടെ ഫോണും നിരീക്ഷണത്തിൽ- കേസ് നിർണായക വഴിത്തിരിവിൽ

ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിന് പിന്നലെ കേസിൽ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. സംശയ നിഴലിലായിരുന്ന ഏഴുപേരിൽ ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന. കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ ആകെ കണക്കെടുപ്പ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു. കുട്ടിയുടേത് മുങ്ങി മരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുട്ടി തനിയെ പുഴയിലെത്താന്‍ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിരുന്നു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴിഞ്ഞെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തിയത്. കേസ് നിർണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്ന രീതിലാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പെരുമാറ്റം. ഇപ്പോഴും ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും മറുപടികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാഞ്ഞതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത ഇനിയും വരാൻ ഉണ്ട്. കോടതിയിലെത്തിയാലും കേസ് നിലനില്‍ക്കണമെങ്കില്‍ ശാസ്ത്രീയാടിത്തറ അനിവാര്യമാണ്. സംശയ നിഴലിലുള്ള മൂന്ന് പേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആൾ രാത്രിയും പകലും പോലീസ് നിരീക്ഷണത്തിൽ തന്നെയാണ്. ഇയാൾ ഇവിടെനിന്ന് കടന്നുകളയാനുള്ള അവസരമുണ്ടാകാത്ത വിധമാണ് നിരീക്ഷണം. ഇയാളുടെ ഫോൺ കോളുകളും നിരീക്ഷണത്തിലാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാകുന്നതോടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം വ്യക്തമാക്കിരുന്നു. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധന നിര്‍ണായകമായിരുന്നു. ഫയര്‍ഫോഴ്സ് സംഘത്തെ ഉപയോഗിച്ച് പുഴയിലെ പല ഭാഗത്തെ ചെളിയും വെള്ളവും ശേഖരിച്ചിരുന്നു. ഇതിന്റെയൊക്കെ വിലയിരുത്തലിലാണ് മരണത്തിന് പിന്നില്‍ ബാഹ്യ ശക്തിയുണ്ടെന്ന് സംശയം ഇരട്ടിച്ചത്. വീടിന് 400 മീറ്റർ അകലെ പള്ളിമൺ ആറിനു കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടത്. എന്നാൽ, ഈ ഭാഗത്തല്ല കുട്ടി വീണതെന്ന നിഗമനത്തിൽ ഫൊറൻസിക് വിദഗ്ധർ എത്തിയിരുന്നു.
വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ദേവനന്ദയുടെ ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യം നൽകിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. ബന്ധുക്കളും അയൽക്കാരുമടക്കം അൻപതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നിൽ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























