തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിലായി. കുളത്തൂർ വെങ്കടമ്പ് പീലിയാംകോണത്ത് രാജനാണ് (45) മരിച്ചത്. സുഹൃത്ത് വിഴിഞ്ഞം വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപത്ത് അനൂപിനെ (39) പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു .
കൃത്യത്തിന് ശേഷം രാജന്റെ ബൈക്കുമായി കടന്ന അനൂപിനെ പരസ്യ മദ്യപാനത്തിനിടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശരീരത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് പൊഴിയൂർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഇന്നലെ വൈകുന്നേരം ആറോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദേഹമാസകലം വെട്ടേറ്റ് നഗ്നനായ നിലയിൽ രാജന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും വിവരമറിയുന്നത്.
സുഹൃത്തുക്കളുമായി ചേർന്നുള്ള രാജന്റെ നിരന്തര മദ്യപാനത്തെതുടർന്ന് ഭാര്യയും മകനും കുടുംബവീട്ടിലാണ്. രാജൻ പതിവായി അനൂപുമായി മദ്യപിക്കാറുണ്ട്. ഞായർ രാത്രിയിലും ഇരുവരും ചേർന്ന് മദ്യപിച്ചതായാണ് സൂചനകളുള്ളത്. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.ആർമി ജീവനക്കാരനായിരുന്നു അനൂപ്.
ഫോറൻസിക്കിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് . സുജിതയാണ് രാജന്റെ ഭാര്യ. ഒരു മകനുണ്ട്.
"https://www.facebook.com/Malayalivartha























