സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

അതിഭയാനകമായിരിക്കും ആസന്നമായിരിക്കുന്ന സൂപ്പര്‍ എല്‍ നിനോ. വേനലില്‍ മഴയും മഴക്കാലത്ത് വേനലും വെറുതെയിരിക്കുമ്പോള്‍ വെള്ളപ്പൊക്കവുമൊക്കെ സംഭവിക്കും. ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്നാണ് പ്രവചനം. ഇന്ത്യയില്‍ പതിനാറായിരം മരണമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ മാത്രം 1700 പേര്‍ക്ക് മരണം സംഭവിക്കും. കേരളത്തില്‍ ഉള്‍പ്പെടെ പക്ഷിമൃഗാദികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ഇക്കൊല്ലം തുലാമഴ പെയ്യാനിടയില്ല. അടുത്ത വേനലില്‍ വെള്ളം കിട്ടാതെ വലയും. വരള്‍ച്ച, കൃഷിനാശം, പവര്‍ കട്ട്, അങ്ങനെ പലതും വരാനിരിക്കുന്നു.
സാധാരണയായി രണ്ടുമുതല്‍ ഏഴുവര്‍ഷം കൂടുമ്പോഴാണ് ഇത് സംഭവിക്കാറുള്ളതെങ്കിലും, കഴിഞ്ഞ 80 വര്‍ഷത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷത്തെ എല്‍ നിനോ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണോ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ പകുതിയോളം മരണങ്ങളും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മൂന്ന് മാസത്തിനുള്ളിലായിരിക്കും. വേനല്‍ നീണ്ടു നില്‍ക്കുന്ന വടക്കേ ഇന്ത്യയില്‍ ആഘാതം അടുത്ത ജൂലൈ വരെ നീളും.
എല്‍ നിനോയുടെ ആഘാതം ചൂട് മാത്രമല്ല. എങ്കിലും, ആഗോളതാപനം മൂലം ഇതിനകം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത കൊടുങ്കാറ്റുകള്‍, വരള്‍ച്ച, കാട്ടുതീ എന്നിവയെല്ലാം കൂടുതല്‍ തീവ്രമാക്കാന്‍ എല്‍ നിനോ കാരണമാകുന്നുണ്ട്. സെനഗല്‍, മൗറിഷ്യസ്, മാലി, ബുര്‍ക്കിനോ ഫാസോ, നൈജീരിയ, നൈദര്‍, സുഡാന്‍, എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം മരണം 67,000 കടക്കാം. ഇതില്‍ 31,400 മരണവും നൈജീരിയിലാകും. സുഡാനില്‍ 17,500. ദക്ഷിണ പൂര്‍വേഷ്യയില്‍ ഫിലിപ്പൈന്‍സില്‍ ഇരുപതിനായിരം. വിയറ്റ്നാം, തായ്ലന്‍ഡ്, കമ്പോഡിയ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ 19,300. ബ്രസീല്‍ ഉള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പെരുമഴയും വെള്ളപ്പൊക്കവും. യൂറോപ്പില്‍ പലയിടങ്ങളിലും മഴയും മഞ്ഞും നാശംവിതയ്ക്കും. അത് സമയം ബ്രിട്ടണ്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍ താപനില 35 ഡിഗ്രിയിലേക്ക് ഉയരാം.
ശാന്തസമുദ്രം അഥവാ പെസഫിക് കടലിന്റെ മധ്യ, കിഴക്കന്‍ ഭാഗത്തെ ഉപരിതല ഊഷ്മാവ് സാധാരണയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതാണ് എല്‍നിനോയുടെ കാരണം. അടുത്തവരുന്ന എല്‍നിനോ അതിന്റെ എക്കാലത്തെയും ശക്തമായ റെക്കോര്‍ഡ് കൈവരിക്കുന്ന സൂപ്പര്‍ ആക്രമണകാരിയായിരിക്കമെന്ന് പഠനങ്ങള്‍ പറയുന്നു. എല്‍ നിനോ ആഗോള കാലാവസ്ഥാ വ്യതിയാനത്തിനും അന്തരീക്ഷ താപനില വര്‍ധനവിനും കാരണമാകുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഭൂമിയിലുണ്ടാകുന്ന താപനില വര്‍ധനവിന് പുറമെയായിരിക്കും ഭയാനകമായി താപനില ഉയരുക. 2027 ഫെബ്രുവരി വരെയായിരിക്കും ഇതിന്റെ ആഘാതം.
ആഗോളതലത്തില്‍ താപനില സാധാരണയേക്കാള്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇത് സാധാരണ വര്‍ഷങ്ങളെക്കാള്‍ 44 ശതമാനം അധികം അതികഠിനമായ ചൂടുള്ള ദിവസങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയിലെ നഗരങ്ങളില്‍ സൂപ്പര്‍ എല്‍ നിനോ കെടുതി ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുക ഡല്‍ഹിയിലായിരിക്കും. ഡല്‍ഹിയില്‍ ശുദ്ധവായു ലഭിക്കാനില്ലാതെ ജനം വലയും. അന്തരീക്ഷത്തിലെ പുകയും പൊടിയും കാരണം വിമാനങ്ങളും ട്രെയിനുകളും നിലയ്ക്കും. റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി പതിവാകും. ഇക്കൊല്ലം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ വരെ കേരളത്തില്‍ 27 മുതല്‍ 28 ശതമാനം വരെ മഴക്കുറവുണ്ട്. പെയ്യേണ്ടിയിരുന്ന 1957.6 മില്ലിമീറ്റര്‍ മഴയ്ക്ക് പകരം 1420.8 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. വയനാട്ടില്‍ 54 ശതമാനവും ഇടുക്കിയില്‍ 47 ശതമാനവുമാണ് മഴക്കുറവ്. ഹൈറേഞ്ചില്‍ ഏലം, കാപ്പി, കുരുമുളക് കരിഞ്ഞുണങ്ങിയേക്കാം.
ആസന്നമായ എല്‍ നിനോ കഞ്ഞിയും വെള്ളവും മുട്ടിക്കും. വടക്കേ ഇന്ത്യയിലെ പ്രധാന റാബി വിളയായ ഗോതമ്പ് നവംബറില്‍ വിതയ്‌ക്കേണ്ടതാണ്. ഇതിന് ഒരു മാസത്തെ തണുപ്പുവേണം. ഇതില്ലെങ്കില്‍ മുളയ്ക്കില്ല. മുളച്ചാല്‍തന്നെ പതിര് കൂടും. അരിയുടെ കാര്യവും ഇതുതന്നെ. വിളവിലും വിലയിലും ചെറുതായിരിക്കില്ല ആഘാതം. കടുക്, പയര്‍, പരിപ്പ് ഉത്പാദനത്തെയും ബാധിക്കും. വറുതിയും വറവുകാറ്റും കേരളത്തെ വലയ്ക്കും. പുഴയും തോടും കിണറും വറ്റിവരളും. നാണ്യവിളകളും ഭക്ഷ്യവിളകളും ഉണങ്ങിക്കരിയും. പാലക്കാട്ടും പുനലൂരും താപനില 44 ഡിഗ്രിവരെ ഉയരാം. കോട്ടയവും പത്തനംതിട്ടയും മോശം വരില്ല. ഇന്നേവരെ കേരളത്തിലുണ്ടായല റിക്കാര്‍ഡ് ചൂട് മലമ്പുഴയില്‍ 2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണെന്നോര്‍ക്കണം.
ശരീരം പൊള്ളിക്കീറി കുടുവിക്കുന്ന സൂര്യാഘാതം ഇക്കൊല്ലം കേരളത്തില്‍ സാധാരണമായിരിക്കും. കുടയില്ലാതെ നന്നാലും പകല്‍ച്ചൂടില്‍ പറമ്പിലേക്കിറങ്ങിയാലും പണി കിട്ടാം. ആസന്നമായ ലോകദുരന്തം എങ്ങനെ തടയാനാകുമെന്നും അല്ലെങ്കില്‍ കുറയ്ക്കാനാകുമെന്നും നിര്‍ദേശങ്ങളുണ്ട്. കടുക് ഉത്പാദന ഇടിവ് ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റത്തിലേക്ക് നയിക്കാം. നെല്ല് ഉത്പാദനത്തില്‍ ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകും. ഗോതമ്പ് വിളവ് എട്ട് ശതമാനം കുറയും. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം വരുത്തി വക്കാനിരിക്കുന്ന വന്‍ ദുരന്തങ്ങളുടെ മുന്നറിയിപ്പ് കൂടിയാണ് സൂപ്പര്‍ എല്‍ നിനോ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ദൈനംദിന ഭക്ഷണത്തിനു മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും.
മഴയാണ് മണ്ണിന്റെ കരുതലും കരുത്തും. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ രാജ്യത്ത് ശരാശരി 706.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 832.4 മില്ലിമീറ്ററിനെക്കാള്‍ 15 ശതമാനമാണ് കുറവ്. അടുത്ത മാസത്തോടെ പുല്ലുണങ്ങി വെള്ളവും വറ്റിയാന്‍ ആടുമാടുകളെ പോറ്റാനാവില്ല. ഉയര്‍ന്ന ചൂടും ഈര്‍പ്പവും കന്നുകാലികളില്‍ താപാഘാതം ഉണ്ടാക്കും. സങ്കരയിനങ്ങള്‍ക്ക് കടുത്ത ചൂടിനെ അതിജീവിക്കാനാന്‍ ശേഷി കുറവാണ്. താപനില 25 ഡിഗ്രി കടക്കുമ്പോള്‍ തന്നെ താപാഘാതത്തിന് ഇരയാകും. ശ്വാസോച്ഛ്വാസം വേഗത്തിലാകുക, ഉമിനീര്‍ ഒലിക്കുക, കടുത്ത ക്ഷീണം എന്നിവ മൂലം പാലുല്പാദനം 30 മുതല്‍ 40 ശതമാനം വരെ ഇടിയും. കടല്‍ വല്ലാതെ ചൂടായിരിക്കെ മത്സ്യസമ്പത്ത് ഇടിയും. മത്തിയും കിളിയും അയിലയും കേരള തീരം വിട്ടുപോകും. മാത്രമല്ല മീനുകളുടെ തൂക്കത്തിലും കുറവുണ്ടാകും. മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്താം. കനത്ത വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളില്‍ കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടരാന്‍ എല്‍ നിനോ കാരണമാകാം.
https://www.facebook.com/Malayalivartha
























