സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കമായി . ആദ്യഘട്ട സ്കൂട്ടറുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കുകയും ചെയ്തു. ഏഥർ റിസ്ത സ്കൂട്ടറാണ് വിതരണം ചെയ്തത്. ആരെയും ആശ്രയിക്കാതെ സ്വന്തമായി വരുമാനമുണ്ടാക്കി സാമ്പത്തിക ഭദ്രത കൈവരിക്കാനായി വനിതാ മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അവരെ സ്വയം പര്യാപ്തരാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) – ന്റെ ആഭിമുഖ്യത്തിൽ വനിതാ മത്സ്യത്തൊഴിലാളികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നത്. വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ബജറ്റിൽ പ്രഖ്യാപിച്ച ‘ഷീ സ്‌കൂട്ടർ’ പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപന നടത്തുന്ന സ്ത്രീകൾക്ക് 75 ശതമാനം ഗ്രാന്റ് (പരമാവധി ഒരു ലക്ഷം രൂപ വരെ) അനുവദിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്നത്.
മീൻകുട്ട ചുമന്ന് ബസുകളിലും മറ്റും യാത്ര ചെയ്ത് മത്സ്യവിൽപന നടത്തുന്ന വനിതകൾക്ക് സ്‌കൂട്ടറുകൾ ലഭ്യമാക്കുന്നത് അവരുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി . കേരളത്തിലെ 600 കിലോമീറ്റർ തീരദേശത്തെ വലിയൊരു തുറമുഖ നഗരമാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ സംവരണം ഉറപ്പാക്കുകയും ചെയ്യും. തീരദേശ നിവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭ്യമാക്കും. ഇതിനായി പ്രത്യേക ഭവനനിർമാണ പദ്ധതി ആവിഷ്‌കരിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വനിതാ മത്സ്യത്തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ പൂർത്തിയാക്കിയ ഫിഷറീസ് വകുപ്പിനെയും മന്ത്രിയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























