കൊറോണ വൈറസ്; സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി; 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്

കഴിഞ്ഞ കുറച്ചു നാളുകളായി കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ മദ്ധ്യം മുതല് കൊറോണ വൈറസിനെ ലോകത്തിന് പരിചയമുണ്ടെങ്കിലും ചൈനയിലെ ഗുഹാൻ പ്രവിശ്യയില് നിന്നു ഡിസംബർ അവസാനത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതും നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിവുള്ള കൊറോണ വൈറസിന്റെ പുതിയ ഒരു വകഭേദമാണ്.നിലവിൽ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ 637 പേര്‍ നിരീക്ഷണത്തിലാണ് . ഇവരില്‍ 574 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 20 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നിലവില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആരുടെ കാര്യത്തിലും ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധ സംശയിക്കുന്ന 682 സാമ്പിളുകള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ ഇതുവരെ പുതിയ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രാജ്യത്ത് ശനിയാഴ്ച മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നു.
ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.സകല പഴുതുകളും അടച്ചു കൊണ്ടുള്ള വളരെ ഫലവത്തായ റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നിപ്പാവൈറസ് റിപോർട്ട് ചെയ്യപ്പെട്ടപ്പോഴും ഈ കാര്യക്ഷമത നമ്മൾ അനുഭവിച്ചു അറിഞ്ഞതാണ് . ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാൽ, അതിനെ നേരിടുന്നത് വളരെ ദുഷ്കരമായ ജോലി ആണു. കേരള സംസ്ഥാനവും ഇവിടുത്തെ ആരോഗ്യ വകുപ്പും ലോകത്തിന്റെ കയ്യടി നേടുന്നത് ചിട്ടയായ ശാസ്ത്രീയ രീതികള് അവലംബിച്ച് കൊണ്ട് ഇത്തരം ബാധകളെ ചെറുത്തു തോൽപ്പിക്കുന്നത് കൊണ്ടാണ്.
https://www.facebook.com/Malayalivartha























