ഇനി ആക്രമിക്കപ്പെട്ട നടിക്കൊപ്പമുള്ളത് ദൈവം മാത്രം; ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റിയതോടെ നടി ആക്രമണകേസിൽ പ്രേസിക്യൂഷൻ അശങ്കയിൽ ; പണം എറിഞ്ഞ് സാക്ഷികളെ സ്വാധീനിക്കാനുള്ള തന്ത്രങ്ങൾക്ക് മറുതന്ത്രമൊരുക്കി പ്രോസിക്യൂഷൻ

ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റിയതോടെ നടി ആക്രമണകേസിൽ പ്രേസിക്യൂഷൻ അശങ്കയിലായി. പണം എറിഞ്ഞ് സാക്ഷികളെ സ്വാധീനിക്കാനുള്ള തന്ത്രങ്ങൾക്ക് മറുതന്ത്രമൊരുക്കുകയാണ് പ്രോസിക്യൂഷൻ ഇപ്പോൾ. നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. ഇതിൽ കുഞ്ചാക്കേ ബോബൻ തന്റെ മുൻ മൊഴിയിൽ ഉറച്ചു നിന്നു.
കുഞ്ചാക്കോ ബോബന്‍റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്താനായില്ല. ആദ്യഘട്ടത്തിൽ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു.
എട്ടാം പ്രതിയായ നടൻ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുൻ മുൻവൈരാഗ്യം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. കൊച്ചിയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ സാക്ഷിയായ ബാബു എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂർണമായി തളളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്‍റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇത് തള്ളിപറയുകയായിരുന്നു.
ചില പ്രമുഖ താരങ്ങൾ നടീ നടൻമാരെ സ്വാധീനിക്കുണ്ടെന്നാണ് വിവരം. ആവശ്യമില്ലാത്ത വിഷയങ്ങളിൽ ഇടപെട്ട് പ്രമുഖ നടനെ പ്രതിസന്ധിയിലാക്കാൻ ആരും തയ്യാറല്ല. ആക്രമിക്കപ്പെട്ട നടിയാകട്ടെ സിനിമയിൽ സജീവവുമല്ല. നടിയെ തനിക്ക് അനുകൂലമായി സംസാരിക്കാൻ നടൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ആക്രമണം നടന്ന് ഇത്ര കാലമായിട്ടും തന്നെ ആക്രമിച്ചവരോട് പൊറുക്കാൻ നടി തയ്യാറായിട്ടില്ല.
സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ എളുപ്പമാണ്. അവസരം തന്നെയാണ് മുഖ്യപ്രശ്നം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതു തന്നെ. സിനിമാരംഗത്തുള്ള പലരും പിൻമാറിയ സാഹചര്യത്തിൽ ഇനി നടിക്കൊപ്പമുള്ളത് ദൈവം മാത്രമാണ്.
https://www.facebook.com/Malayalivartha























