ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്‌ടൻ സ്ഥാനത്തു നിന്ന് പടിയിറങ്ങി. ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് വിജയവും, ഏഷ്യൻ ഗെയിംസ് സ്വർണവുമുൾപ്പെടെ നേടികൊടുത്തതിനുശേഷമാണ് പടിയിറക്കമുള്ളത്.
ഏറെക്കാലമായി വൈസ് ക്യാപ്‌ടൻ സ്ഥാനത്ത് തുടരുന്ന സ്മൃതി മന്ദാനയ്ക്ക് പദവി കൈമാറിക്കൊണ്ടാണ് കൗർ ക്യാപ്‌ടൻ സ്ഥാനത്തോട് വിട പറഞ്ഞത്. ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിനുശേഷമാണ് കൗർ തീരുമാനം അറിയിച്ചിരിക്കുന്നത്.
യോഗത്തിൽ കൗർ, മന്ദാന, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ, ഹെഡ് കോച്ച് അമോൽ മുസുംദാർ എന്നിവരും പങ്കെടുത്തിരുന്നു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞതായി കൗർ അറിയിച്ചത്.
2016ലാണ് കൗർ ക്യാപ്‌ടൻ സ്ഥാനം ഏറ്റെടുത്തത്.'വികാരനിർഭരമായ മനസോടെയും വലിയ സമാധാനത്തോടെയുമാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. എന്റെ ടീം ഇപ്പോൾ മികച്ച നിലയിലാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രതിഭയും കരുത്തുറ്റ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള ടീമാണിത്. അവരുടെ ഭാവി കണ്ടറിയാനും അതിന്റെ ഭാഗമാകാനും ഞാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു. എന്റെ കടമ ഞാൻ ഭംഗിയായി നിർവഹിച്ചുവെന്ന് എനിക്ക് തോന്നുന്നു. ഈ ടീമിനായി എനിക്ക് നൽകാവുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. അഭിമാനത്തോടെയാണ് ഞാൻ ആ ഉത്തരവാദിത്തം വഹിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ ലഭിച്ച ആ വലിയ അവസരത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും'- കൗർ സമൂഹമാദ്ധ്യമത്തിൽ കുറിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha























